പി. ജെ ജോസഫ് മത്സരത്തിനില്ല; തൊടുപുഴയിൽ മകൻ അപു ജോസഫ് സ്ഥാനാര്‍ഥിയായേക്കും
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും മത്സരിക്കും

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ധാരണയായി. പി. ജെ ജോസഫ് ഇത്തവണ മത്സരിക്കാനില്ല. പകരം തൊടുപുഴയിൽ മകൻ അപു ജോസഫ് സ്ഥാനാർഥിയാകും. സ്ഥാനാർഥി പ്രഖ്യാപനം ഈയാഴ്ച അവസാനം ഉണ്ടാകും.
യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ ഒമ്പത് ഇടങ്ങളിലാണ് സ്ഥാനാർഥികളെ സംബന്ധിച്ച ധാരണയായത്. ഇടുക്കി സീറ്റ് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.അര നൂറ്റാണ്ടിലധികമായി തുടർച്ചയായി മത്സരിച്ച തൊടുപുഴയിൽ ഇത്തവണ പി.ജെ ജോസഫ് മത്സരത്തിനില്ല. പകരം മകൻ അപു ജോസഫ് ഇവിടെ സ്ഥാനാർഥിയാകും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പി.ജെ ജോസഫ് ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്നത്.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും മത്സരിക്കും. കുട്ടനാട് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ ആണ് സ്ഥാനാർഥി. ഏറ്റുമാനൂർ - തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുടയിൽ- കെ. വി കണ്ണനും തിരുവല്ലയിൽ- വർഗീസ് മാമനും കോതമംഗലത്ത്- ഷിബു തെക്കുംപുറവും തൃക്കരിപ്പൂരിൽ- അഡ്വ. എം. വിനോദും സ്ഥാനാർഥികളാകും.
ചങ്ങനാശ്ശേരിയിൽ നിലവിൽ രണ്ട് പേരാണ് പരിഗണന പട്ടികയിലുള്ളത്. വിനു ജോബും, വി.ജെ ലാലിയും. ഇടുക്കി സീറ്റ് വിട്ടു നൽകണമെന്ന് കേരള കോൺഗ്രസിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ പാർട്ടി ജില്ലാ പ്രസിഡന്റ്‌എം.കെ ജേക്കബിനെ സ്ഥാനാർഥി ആക്കണമെന്നാണ് പി.ജെ ജോസെഫിന്റെ ആഗ്രഹം. കോൺഗ്രസ് നിലപാട് കടുപ്പിച്ചാൽ സീറ്റ് വിട്ട് നൽകാനും സാധ്യത ഉണ്ട്. ഈയാഴ്ച അവസാനം കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.
Adjust Story Font
16

