വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല; പ്രസ്താവനകളെ അവഗണിക്കാനാണ് ലീഗ് തിരുമാനം: പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരമായി യുഡിഎഫിന്റെ മാനിഫെസ്റ്റോ ഉടൻ പുറത്തുവരും.

കൽപറ്റ: വെള്ളാപ്പള്ളി നടേശൻ മറുപടി അർഹിക്കുന്നില്ലെന്നും പ്രസ്താവനകളെ അവഗണിക്കാനാണ് ലീഗിന്റെ തിരുമാനമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയത കേരളം വച്ചുപൊറുപ്പിക്കില്ല. അത് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെളിയിച്ചുകഴിഞ്ഞു. പിന്നെന്തിനാണ് പ്രതികരിക്കുന്നത്. വല്ലവരും സെറ്റ് ചെയ്യുന്ന അജണ്ടയുടെ പിന്നാലെ പോവരുതെന്നും കുഞ്ഞാലിക്കുട്ടി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരമായി യുഡിഎഫിന്റെ മാനിഫെസ്റ്റോ ഉടൻ പുറത്തുവരും. ജനങ്ങളുടെ ശ്രദ്ധ തിരിയേണ്ടത് അതിലേക്ക് ഒക്കെയാണ്. പത്ത് വർഷത്തെ ഭരണം കൊണ്ട് ഈ സംസ്ഥാനത്തിന്റെ ഫണ്ട് സ്രോതസ് ഇല്ലാതായിരിക്കുകയാണ് ഇടതുസർക്കാർ. അതെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള പരിഹാര നടപടികൾ യുഡിഎഫ് അവതരിപ്പിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നാലുണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എത്രയോ തവണ ലീഗ് രണ്ടാമത്തെ പാർട്ടിയായിട്ടുണ്ടെന്നും എപ്പോഴെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷമാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. തങ്ങൾക്ക് അത്തരമൊരു വേവലാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് മുണ്ടക്കൈ ദുരിതബാധിതർക്കായി മുസ്‍ലിം ലീഗ് നിർമിക്കുന്ന വീടുകൾ ഫെബ്രുവരി 28ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിലെ വീടുകളുടെ താക്കോൽദാനമാണ് നടക്കുകയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Adjust Story Font
16

