'കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്'; യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പി.കെ ശശി
ജനപ്രതിനിധി അല്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

മണ്ണാർക്കാട്: ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി സിപിഎം നേതാവ് പി.കെ ശശി. പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ ചടങ്ങിലേക്കാണ് ശശിയെ ക്ഷണിച്ചത്. ശശിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
താൻ വരുന്നുവെന്ന് കേൾക്കുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര ബേജാറെന്ന് ശശി ചോദിച്ചു. താൻ ഒരു ചെറിയ മനുഷ്യനാണ്. ഒരു സാധാരണക്കാരൻ. ഇന്നും നാളെയും തന്റെ സാന്നിധ്യം മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുണ്ടാവും. അഴിമതി തെളിയിക്കണം. അഴിമതി ഉന്നയിക്കുന്ന ആൾ പരിശുദ്ധനായിരിക്കണം. കഴുത്തറ്റം മാലിന്യത്തിൽ മുങ്ങിനിന്ന് കരക്ക് നിൽക്കുന്നവനോട് ഷർട്ടിലെ ചെറിയ കറ കഴുകിക്കളയാൻ പറയുന്നത് മ്ലേച്ഛത്തരമാണെന്നും ശശി പറഞ്ഞു.
മണ്ണാർക്കാട്ട് ശശിയും പാർട്ടിയിലെ ഒരു വിഭാഗവും തമ്മിൽ ഏറെ നാളായി ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. ശശിക്കെതിരെ പാർട്ടി നടപടിയെടുത്തപ്പോൾ പ്രശ്‌നം അൽപ്പം തണുത്തെങ്കിലും പാർട്ടി പദവിയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം വീണ്ടും വഷളായി. ഇതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിലേക്ക് ശശിയെ ക്ഷണിച്ചത്. ജനപ്രതിനിധി അല്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
Adjust Story Font
16

