Quantcast

ലീഗ് ചത്ത കുതിരയല്ല, ചാകാൻ പോകുന്ന കഴുതയാണ്: പികെ ശശി

"ഇപ്പോൾ മുസ്‌ലിം സമുദായത്തിൽ നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുണ്ട്. അവരുടെ അടുത്ത് ഈ പെരട്ട് നടക്കുന്നില്ല"

MediaOne Logo

Web Desk

  • Published:

    24 Oct 2021 10:17 AM GMT

ലീഗ് ചത്ത കുതിരയല്ല, ചാകാൻ പോകുന്ന കഴുതയാണ്: പികെ ശശി
X

മണ്ണാർക്കാട്: മുസ്‌ലിം ലീഗ് ചത്ത കുതിരയല്ല, ചാകാൻ പോകുന്ന കഴുതയാണെന്ന് പരിഹസിച്ച് സിപിഎം നേതാവ് പി.കെ ശശി. മതം പറഞ്ഞാണ് ലീഗ് ആളുകളെ കൂടെ നിർത്തിയിരുന്നത് എന്നും അക്കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട്ട് വിവിധ രാഷ്ട്രീയകക്ഷികളിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മണ്ണാർക്കാടിനെ സംബന്ധിച്ച് മുസ്‌ലിം ലീഗിന് ഒരു സുവർണകാലമുണ്ടായിരുന്നു. അട്ടപ്പാടി, ആനക്കട്ടി മുതൽ എടത്തനാട്ടുകര വരെയുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയരംഗത്ത് എന്തു നടക്കണം, എന്തു നടക്കരുത് എന്ന് തീരുമാനിക്കാൻ കരുത്തുണ്ടായിരുന്ന പാർട്ടിയായിരുന്നു ഒരുകാലത്ത് മുസ്‌ലിംലീഗ്. അവർ തീരുമാനിച്ചാൽ ആരെയും തല്ലും, വെട്ടും, വെല്ലുവിളിക്കും. നെഹ്‌റു കോൺഗ്രസിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു, ചത്തകുതിരയാണ് ലീഗെന്ന്. ചത്ത കുതിരല്ല, ലീഗ് ചാകാൻ പോകുന്ന കഴുതയാണ്.' - ശശി പറഞ്ഞു.

'നല്ല അന്വേഷണ ബുദ്ധിയുള്ള ആളുകൾ ലീഗിന് അകത്ത് നിൽക്കുന്നില്ല. ലീഗ് മതം പറഞ്ഞിട്ടാണ് ആളുകളെ കൂടെ നിർത്തുന്നത്. മതത്തിന്റെ പ്രചാരകരും സമുദായത്തിന്റെ സംരക്ഷകരും എന്ന പരിവേഷം അണിഞ്ഞിട്ടാണ് ലീഗ് നിൽക്കുന്നത്. അതിൽ പാവപ്പെട്ട ഒരുപാട് ആളുകൾ പെട്ടു. ഈ കോണിയിൽക്കൂടി കയറിയാൽ സ്വർഗത്തിലെത്തുമെന്ന് പറഞ്ഞു. എന്നാൽ കയറാൻ മാത്രമല്ല, അധികാരത്തിൽ നിന്ന് ഇറങ്ങാനും ഈ കോണി വേണമെന്ന് ലീഗിനെ കമ്യൂണിസ്റ്റ് പാർട്ടി പഠിപ്പിച്ചു.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരം കിട്ടാൻ വേണ്ടി ഏതു മാർഗവും സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്നും ശശി കുറ്റപ്പെടുത്തി. ' കമ്യൂണിസ്റ്റുകാരെ കുറിച്ച് പള്ളിയും മദ്രസയും പൊളിക്കുന്ന ആളുകളാണ് എന്നു പറഞ്ഞു. അത് വിശ്വസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ മുസ്‌ലിം സമുദായത്തിൽ നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുണ്ട്. അവരുടെ അടുത്ത് ഈ പെരട്ട് നടക്കുന്നില്ല. അതുകൊണ്ടാണ് അവർ ഇടതുപക്ഷത്തിന്റെ കൂടെ ആവേശത്തോടു കൂടി അണിനിരക്കാൻ അവർ തയ്യാറാകുന്നത്. കാലിന്നടിയിൽ നിന്ന് മണ്ണൊഴുകുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോഴാണ് അധികാരം കിട്ടാൻ വേണ്ടി ഏതു വൃത്തികെട്ട മാർഗവും ലീഗ് സ്വീകരിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

'ബാബരി മസ്ജിദ് തകർക്കാൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത കോൺഗ്രസിന്റെ കൂടെയാണ് ലീഗുള്ളത്. ശിലാന്യാസത്തിന് അനുമതി നൽകിയത് രാജീവ് ഗാന്ധിയായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് പള്ളി പൊളിച്ചു. അന്നൊക്കെ കോൺഗ്രസിന്റെ കൂടെയാണ് ലീഗ്. ഒരു ഘട്ടത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ രത്‌നസിങ്ങിനെ സ്ഥാനാർത്ഥിയാക്കി. രത്‌നസിങ്ങിന്റെ പാർട്ടിയേത് എന്ന ചോദ്യത്തിന് ലീഗ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ബേപ്പൂരിൽ ടികെ ഹംസ മത്സരിക്കുമ്പോൾ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഡോ മാധവൻകുട്ടിയെ നിർത്തി. അയാൾ ബിജെപിക്കാരനായിരുന്നു. അദ്ദേഹത്തെ ജയിപ്പിക്കാൻ സാക്ഷാൽ പാണക്കാട്ടെ തങ്ങളെ കൊണ്ടുവന്നു. ലീഗിന്റെ ആഹ്വാനം ജനങ്ങൾ അംഗീകരിച്ചില്ല.' - ശശി കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ലീഗിന് വല്ലതും കിട്ടിയോ എന്നും അദ്ദേഹം ചോദിച്ചു. 'നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിന് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ടു. അപ്രതിരോധ്യമെന്ന് ലീഗുകാർ വീമ്പടിച്ച താനൂർ പോലുള്ള മണ്ഡലങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതൃത്വമാണ് ലീഗിന്റേത്. ലീഗ് ഏകശിലയായി നിൽക്കുന്ന ഒന്നല്ല ഇപ്പോൾ.'- അദ്ദേഹം പറഞ്ഞു.

TAGS :

Next Story