Quantcast

ലോകായുക്തയെ നോക്കുകുത്തിയാക്കുന്നത് അഴിമതി തുടരാൻ: പി.എം.എ സലാം

''സിൽവർ ലൈൻ ഉൾപ്പെടെ വൻകിട പദ്ധതികളോടുള്ള സർക്കാരിന്റെ അമിത താൽപര്യം അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്. ആരോപണങ്ങൾ വരുന്നതിന് മുമ്പേ ലോകായുക്തയെ മരവിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സർക്കാർ കരുതുന്നത്''

MediaOne Logo

Web Desk

  • Published:

    25 Jan 2022 1:28 PM GMT

ലോകായുക്തയെ നോക്കുകുത്തിയാക്കുന്നത് അഴിമതി തുടരാൻ: പി.എം.എ സലാം
X

ലോകായുക്തയെ സർക്കാർ നോക്കുകുത്തിയാക്കുന്നത് അഴിമതി നിർലോഭം തുടരാനാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. സർക്കാരിനെതിരെ അഴിമതി അന്വേഷണങ്ങളും വിധിപ്രഖ്യാപനങ്ങളും വന്നാലും അധികാരത്തിൽ അള്ളിപ്പിടിച്ച് അഴിമതി നിർലോഭം തുടരാനാണ് സർക്കാർ ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനിൽക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി. മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിങ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്ന ഭേദഗതി എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ബോധ്യമാകും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള അടവ് മാത്രമാണിത്- പി.എം.എ സലാം വ്യക്തമാക്കി.

സിൽവർ ലൈൻ ഉൾപ്പെടെ വൻകിട പദ്ധതികളോടുള്ള സർക്കാരിന്റെ അമിത താൽപര്യം അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്. ആരോപണങ്ങൾ വരുന്നതിന് മുമ്പേ ലോകായുക്തയെ മരവിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സർക്കാർ കരുതുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ലോകായുക്തയെ സമീപിക്കാൻ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്ന തീരുമാനം വന്നിരിക്കുന്നത്. മന്ത്രിമാർക്ക് രാജിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് സർക്കാർ ഈ നാണംകെട്ട നടപടി സ്വീകരിച്ചത്. ജനാധിപത്യ കേരളം ഇതിനെതിരെ ശക്തമായി പ്രതിഷേധമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story