Quantcast

'പൊലീസിലെ മാര്‍ക്സിസ്റ്റ് ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്'; കോൺ​ഗ്രസ് നേതാക്കൾ വേദിയിലിരിക്കെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചതിനെതിരെ പി.എം.എ സലാം

മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടയില്‍ വേദിയില്‍ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്.

MediaOne Logo

Web Desk

  • Published:

    23 Dec 2023 12:14 PM GMT

pma salam against the police action against congress dgp office march
X

കോഴിക്കോട്: കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിനിടെ കെ.പി.സി.സി അധ്യക്ഷനടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ ടിയർ ​ഗ്യാസ് പ്രയോ​ഗം നടത്തിയ പൊലീസ് നടപടിക്കെതിരെ മുസ്‌ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മാര്‍ച്ചിനെ ക്രൂരമായി നേരിട്ട പൊലീസ് നടപടി തനികാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സലാമിന്റെ വിമർശനം.

കെ.പി.സി.സി പ്രസിഡന്‍റ് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടയില്‍ വേദിയില്‍ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. പൊലീസിലെ മാര്‍ക്സിസ്റ്റ് ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇതിന് അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ മാര്‍ഗത്തില്‍ നടക്കുന്ന സമരങ്ങളോട് ഈ നിലപാടാണ് സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ അത്ര സുഖകരമാവില്ല എന്ന് ഓര്‍മപ്പെടുത്തുന്നു. നാടെങ്ങും കൊട്ടിഘോഷിച്ച നവകേരള സദസ് എട്ടുനിലയില്‍ പൊട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ യു.ഡി.എഫ് നേതാക്കളുടെ നെഞ്ചത്തേക്ക് കയറാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയതെങ്കില്‍ നിലവിലുളള ടിയര്‍ഗ്യാസിന്‍റെ സ്റ്റോക്ക് മതിയാകാതെ വരും- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ സംസാരിച്ച സ്റ്റേജിന് പിന്നിലാണ് ടിയർ ഗ്യാസുകൾ വന്ന് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. ഇതിനിടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. മുതിർന്ന നേതാക്കൾക്കു നേരെ നടന്ന കണ്ണീർ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു.

മുതിർന്ന നേതാക്കളുൾപ്പടെയുണ്ടായിരുന്ന വേദിയിലേക്ക് പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധസൂചകമായി 14 ജില്ലകളിലും പ്രകടനങ്ങളും വരും ദിവസങ്ങളിൽ ജനകീയസമരവും ഉണ്ടാകുമെന്നും യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. പൊലീസ് അതിക്രമത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

പി.എം.എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ ക്രൂരമായി നേരിട്ട പോലീസ് നടപടി തനികാടത്തമാണ്. കെ.പി.സി.സി പ്രസിഡന്‍റ് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടയില്‍ വേദിയില്‍ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കുന്നത് കേരളത്തില്‍ കേട്ട്കേള്‍വി പോലുമില്ലാത്ത സംഭവമാണ്.

പോലീസിലെ മാര്‍ക്സിസ്റ്റ് ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇതിന് അറുതി വരുത്തണം. ജനാധിപത്യ മാര്‍ഗത്തില്‍ നടക്കുന്ന സമരങ്ങളോട് ഈ നിലപാടാണ് സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ അത്ര സുഖകരമാവില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നാടെങ്ങും കൊട്ടിഘോഷിച്ച നവകേരള സദസ്സ് എട്ടുനിലയില്‍ പൊട്ടിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ യു.ഡി.എഫ് നേതാക്കളുടെ നെഞ്ചത്തേക്ക് കയറാനാണ് പോലീസിന് നിര്‍ദ്ധേശം നല്‍കിയതെങ്കില്‍ നിലവിലുളള ടിയര്‍ഗ്യാസിന്‍റെ സ്റ്റോക്ക് മതിയാകാതെ വരും.



TAGS :

Next Story