പൊലീസ് കരുതിക്കൂട്ടി വിഷയം വർഗീയവത്കരിക്കുന്നു, ഫ്രഷ് കട്ട് സമരത്തെ വഴിതിരിച്ചുവിടാൻ ഗൂഢശ്രമം: നാസർ ഫൈസി കൂടത്തായി
'പൊലീസിന്റെ കുതന്ത്രങ്ങൾ മറച്ചുവയ്ക്കാനാണ് അവർ നിരോധിത സംഘടനകളുടെ നുഴഞ്ഞുകയറ്റം ആരോപിക്കുന്നത്'.

Photo|Special Arrangement
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരസമിതിക്കെതിരായ പൊലീസ് റിപ്പോർട്ട് വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് സമസ്ത നേതാവും ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരസമിതി ജന. കൺവീനറുമായ നാസർ ഫൈസി കൂടത്തായി. പൊലീസ് കരുതിക്കൂട്ടി വിഷയം വർഗീയവത്കരിക്കുകയാണെന്നും അവർ കമ്പനിക്ക് ചൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
'ഇന്നലെ നടന്ന മഹാറാലി മനുഷ്യരാശിയെ മുഴുവൻ ചിന്തിപ്പിക്കുന്നതായിരുന്നു. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സിപിഎം, ബിജെപി നേതാക്കളെല്ലാം അണിനിരന്ന പ്രതിഷേധമാണ് അവിടെ നടന്നത്. ഒരു പാർട്ടിയും മാറിനിന്നിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനോ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കോ പോലും ആക്ഷേപമില്ലെന്നിരിക്കെ, കരുതിക്കൂട്ടി വിഷയം വർഗീയവത്കരിച്ച് വിഷയം വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമം'.
'കഴിഞ്ഞ അഞ്ച് വർഷവും സമരത്തിന് നേതൃത്വം വഹിച്ചത് ചെയർമാൻ ബാബു കുടിക്കിൽ ആണ്. ഇതുവരെ അദ്ദേഹത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. ക്രിമിനൽ ആണെങ്കിൽ എന്തുകൊണ്ട് ഇതുവരെ നടപടിയെടുത്തില്ല. ഇപ്പോൾ ഈ വിഷയത്തിൽ മാത്രം ക്രിമിനലെന്ന് ആരോപിച്ച് വിഷയം മാറ്റാൻ ശ്രമിക്കുന്നു. പൊലീസ് മനുഷ്യരാവണം. നാല് മണിവരെ നടന്ന സമാധാനപരമായ സമരം അതിന് ശേഷം പ്രക്ഷുബ്ധമായെങ്കിൽ അതിന് പിന്നിൽ സിഐയുടെ വഴിവിട്ട ഇടപെടലാണ്'.
'പൊലീസ് ഉദ്യോഗസ്ഥൻ കമ്പനിക്ക് വേണ്ടി നടത്തിയ ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് സമരം അക്രമാസക്തമായതും ജനങ്ങളെ ചതച്ചരയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയതും. അതേ പൊലീസ് തന്നെയാണ് തങ്ങളുടെ കുതന്ത്രങ്ങൾ മറച്ചുവയ്ക്കാൻ നിരോധിത സംഘടനകളുടെ നുഴഞ്ഞുകയറ്റം ആരോപിക്കുന്നത്'.
'അങ്ങനെയെങ്കിൽ അന്വേഷിച്ച് പുറത്തുകൊണ്ടുവരട്ടെ. പൊലീസ് ഇവിടെ കമ്പനിക്ക് ചൂട്ടുപിടിക്കുകയാണ്. കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ടവരാരോ ആണ് തീവച്ചതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. അവർ ജനങ്ങൾക്കു നേരെ കല്ലേറ് നടത്തി, ജനങ്ങളെ കൊണ്ട് തിരിച്ച് കല്ലേറ് നടത്തിച്ച് പൊലീസ് ഒരു യുദ്ധക്കളമുണ്ടാക്കിയതിനു പിന്നിൽ പൊലീസും കമ്പനിയുടമയും തമ്മിലുള്ള ഒത്തുകളിയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.
സമരക്കാർ മാരകായുധങ്ങൾ ശേഖരിച്ചെന്നും സമരസമിതി ചെയർമാൻ ക്രിമിനലാണെന്നുമാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലെ ആരോപണം. സമരത്തിലെ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്നും കുട്ടികളെ മറയാക്കി സമരം നടത്താൻ ആസൂത്രണ ചെയ്തെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. സമരത്തിൽ ഫാക്ടറി ഉടമകളുടെ ആളുകൾ നുഴഞ്ഞുകയറിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
Adjust Story Font
16

