കെ.ആർ ഇന്ദിരയുടെ വിദ്വേഷപരാമർശത്തിന് എതിരെ പരാതി കൊടുത്തയാളെ വേട്ടയാടി പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.ആർ വിപിൻദാസ്
‘പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ദലിതനായ ഞാൻ പരാതി കൊടുത്തത് കൊണ്ടാണോ നടപടി എടുക്കാഞ്ഞത് എന്നും സംശയിക്കുന്നു. ഇടതുപക്ഷം ഭരിക്കുമ്പോൾ ഒരു നീതി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴുള്ള ഇടതുപക്ഷത്തെ സംശയത്തോടെയാണ് നോക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ വിപിൻദാസ് പറഞ്ഞു’

- Published:
20 Feb 2026 4:46 PM IST

കോഴിക്കോട്: പൗരത്വ രജിസ്റ്റർ സമരക്കാലത്ത് മുസ്‌ലിം സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ.ആർ ഇന്ദിരക്കെതിരെ പരാതി കൊടുത്ത ആളെ വേട്ടയാടി കൊടുങ്ങല്ലൂർ പൊലീസ്. കെ.ആർ ഇന്ദിര ഫേസ്ബുക്കിലിട്ട കുറിപ്പ് സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്ന് കാണിച്ചാണ് എം.ആർ വിപിൻ ദാസ് പരാതി നൽകിയത്. എന്നാൽ, പരാതി നൽകിയ വിപിൻദാസിനെ കുറിച്ച് നിരന്തരം സ്‌പെഷ്യൽ ബ്രാഞ്ചിനെ വിട്ട് അന്വേഷിപ്പിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് വിപിൻ ദാസ് പറയുന്നു.
സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ നിരന്തരം വിളിക്കുകയും പൊതുപ്രവർത്തകരേയും മനുഷ്യാവകാശ പ്രവർത്തകരേയും എങ്ങനെ അറിയാമെന്ന് അന്വേഷിക്കുകയുമാണ് ചെയ്തത്. പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് വിപിൻദാസ് പറയുന്നു. 'ദളിതനായ ഞാൻ പരാതി കൊടുത്തത് കൊണ്ടാണോ നടപടി എടുക്കാഞ്ഞത് എന്നാണ് സംശയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ ഒരു നീതി ആഗ്രഹിക്കുന്നുണ്ട് ഇപ്പോഴുള്ള ഇടതുപക്ഷത്തെ സംശയത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ലാണ് വിപിൻദാസ് കെ.ആർ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷത്തിന് ശേഷം കേസിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് വിവരാവകാശനിയമ പ്രകാരം അപേക്ഷ നൽകിയപ്പോഴാണ് പ്രതിയെ കിട്ടാനില്ലാത്തതിനാൽ പരാതി അവസാനിപ്പിച്ചു എന്ന മറുപടി പൊലീസിൽ നിന്ന് ലഭിച്ചത്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും വിപിൻദാസ് പറഞ്ഞു. ആകാശവാണി ജീവനക്കാരിയായ കെ.ആർ ഇന്ദിരയെ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇൻസൈറ്റ് എന്ന യുട്യൂബ് ചാനലിൽ ബാബുരാജ് ഭഗവതിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിപിൻ ദാസ്. പരാതി നൽകിയ ശേഷം സമ്മർദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ദിരക്കെതിരെ മതസ്പർദ ഉണ്ടാക്കുന്ന കുറ്റത്തിന് ചുമത്തുന്ന 153 A എന്ന ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16
