പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം: ഡിഎഫ്ഒ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് തടഞ്ഞ് പൊലീസ്
കടുവയെ പിടികൂടുന്ന നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് പ്രതികരണം തടസ്സപ്പെടുത്തിയത്

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ഡിഎഫ്ഒ മാർട്ടിൻ ലോവൽ മാധ്യമങ്ങളോട് പ്രതികരണം നടത്തുന്നത് തടഞ്ഞ് പൊലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് പ്രതികരണം തടസ്സപ്പെടുത്തിയത്.
മാനന്തവാടി എസ്എച്ച് അഗസ്റ്റിൻ ബലം പ്രയോഗിച്ച് ഡിഎഫ്ഒയെ മാറ്റുകയായിരുന്നു. പ്രദേശത്ത് മാധ്യമങ്ങൾ നിൽക്കരുതെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡോക്ടർ അരുൺ സെകറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലെ വൈകീട്ട് കടുവയെ കണ്ട പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയും ഉപയോഗിച്ചാണ് തിരച്ചിൽ. പ്രദേശത്തെ നിരോധനാജ്ഞ നിലനിൽക്കുകയാണ്.
കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കടുവയെ പിടികൂടാൻ ഇന്നലെ ഒരു കൂടു കൂടി സ്ഥാപിച്ചിരുന്നു. കടുവ പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ഇന്ന് ഉന്നതതല യോഗം ചേരും.
Adjust Story Font
16

