Quantcast

'പള്ളി മണിയടിച്ച് ആളുകളെയെത്തിച്ചു, വിഴിഞ്ഞം ആക്രമണത്തിൽ വൈദികർക്കും പങ്കുണ്ട്'; ഹൈക്കോടതിയിൽ പൊലീസ്

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത്

MediaOne Logo

Web Desk

  • Updated:

    2022-12-01 13:27:13.0

Published:

1 Dec 2022 12:40 PM GMT

പള്ളി മണിയടിച്ച് ആളുകളെയെത്തിച്ചു, വിഴിഞ്ഞം ആക്രമണത്തിൽ വൈദികർക്കും പങ്കുണ്ട്; ഹൈക്കോടതിയിൽ പൊലീസ്
X

കൊച്ചി: വിഴിഞ്ഞം ആക്രമണത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് ഹൈക്കോടതിയിൽ പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചുവെന്നും പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് പറഞ്ഞു. വൈദികർ പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്ത് എത്തിയെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മിൽ അക്രമമുണ്ടായെന്നും സമരക്കാർ പൊലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കയ്യേറ്റം ചെയ്തുവെന്നും പറഞ്ഞു. ഫാ.യൂജിൻ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തിൽ 500 ഓളം പേർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവർ കയറിയതെന്നും പറഞ്ഞു. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകളടക്കം ഇവർ അടിച്ചു തകർത്തുവെന്നും ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി.

ആക്രമണത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്നും പറഞ്ഞു. ഈ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്കേറ്റുവെന്നും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞുവെന്നും വ്യക്തമാക്കി. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചുവെന്നും പറഞ്ഞു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും 64 പൊലീസുകാർക്ക് പരുക്കേറ്റുവെന്നും അറിയിച്ചു. എന്നാൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഹരജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം നൽകിയത്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടക്കാനൊരുങ്ങുന്നതായി വിവരമുണ്ടായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാനാണ് നീക്കം.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത് ഇന്ന് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തം അന്വേഷിക്കുമെന്നും ഡിജിപി മലപ്പുറത്ത് പറഞ്ഞു.



police submitted an affidavit in the High Court that the priests were also involved in the Vizhinjam attack

TAGS :

Next Story