ബിജെപി കൗൺസിലറുടെ മരണത്തിൽ വിശദ അന്വേഷണത്തിലേക്ക് പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കുന്നു
ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടിക തയാറാക്കും.

തിരുവനന്തപുരം: നഗരസഭാ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്. വലിയശാല ഫാം ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടിക തയാറാക്കും.
പൂജപ്പുര പൊലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൗൺസിലർമാർ, സഹപ്രവർത്തകർ, സൊസൈറ്റിയിലെ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് അനിൽ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാർ മൊഴി നൽകി.
അതിനു ശേഷമായിരിക്കാം അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതെന്നാണ് സൂചന. എന്നാൽ രാജീവ് ചന്ദ്രശേഖറിൽനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നാണ് വിവരം. സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും തന്നോട് സംസാരിച്ചില്ല, കൗൺസിൽ യോഗം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സമ്മർദമുണ്ടായോ എന്നും അറിയേണ്ടതുണ്ട്. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പരാതിയുയർന്നപ്പോൾ, എത്രയും വേഗം പണം മടക്കിനൽകണമെന്ന് പൊലീസ് അനിലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. പൊലീസ് ഭീഷണി ആരോപിച്ച് തമ്പാനൂർ സ്റ്റേഷനിലേക്ക് ബിജെപി ഇന്ന് പ്രതിഷേധം നടത്തും.
എന്നാൽ ഭീഷണി ആരോപണം പൊലീസ് തള്ളി. ഭീഷണി മുഴക്കിയിട്ടില്ലെന്നും പണം നഷ്ടപ്പെട്ട ഒരാളുടെ ബന്ധു സൊസൈറ്റിയിൽ വന്ന് ബഹളമുണ്ടാക്കുകയും പിന്നീട് പരാതി നൽകുകയും ചെയ്തിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ അനിലിനെയും നിക്ഷേപകനേയും വിളിച്ചിരുന്നതായും പൊലീസ് പറയുന്നു. നിക്ഷേപകന് പണം മടക്കിനൽകാമെന്ന് അനിൽ സമ്മതിച്ചതായും പൊലീസ് പറയുന്നു.
സംഭവത്തിൽ സൊസൈറ്റിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യം.
Adjust Story Font
16

