Quantcast

ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല; കൈവിട്ടുപോകാതെ സൂക്ഷിക്കണം-മുന്നറിയിപ്പുമായി പൊലീസ്

സമൂഹമാധ്യമങ്ങളില്‍ എന്തൊക്കെ പറയാം പങ്കുവയ്ക്കാം എന്നതറിയാതെ വിവേചനബുദ്ധിയില്ലാതെ യാതൊരു പരിചയവുമില്ലാത്ത ജനക്കൂട്ടത്തിന് മുന്നില്‍ സ്വകാര്യവിവരങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്ന കുട്ടികള്‍ പല വോയിസ് ഗ്രൂപ്പുകളിലും സജീവമാണ്.

MediaOne Logo

Web Desk

  • Published:

    5 July 2021 3:59 PM GMT

ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല; കൈവിട്ടുപോകാതെ സൂക്ഷിക്കണം-മുന്നറിയിപ്പുമായി പൊലീസ്
X

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലെ ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ലബ് ഹൗസ് സ്വകാര്യ ഇടമല്ലെന്ന് ഓര്‍ക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പേരുകള്‍ നല്‍കി നിരവധി ഗ്രൂപ്പുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്. സിംഗിള്‍ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്‌പ്ലേ പിക്ച്ചര്‍ കണ്ട് പ്രണയം തുറന്ന് പറയാം, സിംഗിള്‍ ആയി വന്നു മിംഗിള്‍ ആയി പോകാം, പ്രൊപ്പോസല്‍ ചലഞ്ച്‌ഗെയിം എന്നിവ അവയില്‍ ചിലത് മാത്രം. ഇവയില്‍ പലതിലെയും അംഗങ്ങള്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്നവരും 18 വയസ് തികയാത്തവരുമായ കുഞ്ഞുങ്ങളാണ്. ഇവര്‍ക്കായി ചുറ്റും വലവിരിച്ചു കാത്തിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്ലബ്ഹൗസ്

അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മയാണ് ക്ലബ് ഹൗസ്. ഇതൊരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ്. ശബ്ദമാണ് മാധ്യമം. ഇഷ്ടമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം, അനീതിക്കെതിരെ ശബ്ദമുയര്‍ത്താം, തമാശകള്‍ പറയാം, മറ്റുളളവരെ കേള്‍ക്കാം, ഉളളുതുറന്ന് ചിരിക്കാം, സൗഹൃദങ്ങള്‍ പങ്കിടാം. എല്ലാം തത്സമയം. ഇങ്ങനെ വിജ്ഞാനപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമായ അന്തരീക്ഷം ക്ലബ് ഹൗസ് ഒരുക്കി നല്‍കും. പക്ഷേ മറ്റ് സമൂഹമാധ്യമങ്ങള്‍ പോലെ തന്നെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ക്ലബ് ഹൗസും അപകടകാരി തന്നെ.

സമൂഹമാധ്യമം എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ക്ലബ് ഹൗസിന്‍റെ പ്രവര്‍ത്തനം. ഇവിടെ രഹസ്യങ്ങളില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. പറയുന്നതെന്തും പരസ്യമാണ്. നിങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും പരസ്യമായി തത്സമയം ആ ചാറ്റ് റൂമില്‍ മുഴങ്ങും. അതുണ്ടാക്കുന്ന പൊല്ലാപ്പുകളും ചെറുതാവില്ല.

ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പേരുകള്‍ നല്‍കി നിരവധി ഗ്രൂപ്പുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്. സിംഗിള്‍ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്പ്ലേ പിക്ച്ചര്‍ കണ്ട് പ്രണയം തുറന്ന് പറയാം, സിംഗിള്‍ ആയി വന്നു മിംഗിള്‍ ആയി പോകാം, പ്രൊപ്പോസല്‍ ചലഞ്ച്ഗെയിം എന്നിവ അവയില്‍ ചിലത് മാത്രം. ഇവയില്‍ പലതിലെയും അംഗങ്ങള്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്നവരും 18 വയസ് തികയാത്തവരുമായ കുഞ്ഞുങ്ങളാണ്.

സമൂഹമാധ്യമങ്ങളില്‍ എന്തൊക്കെ പറയാം പങ്കുവയ്ക്കാം എന്നതറിയാതെ വിവേചനബുദ്ധിയില്ലാതെ യാതൊരു പരിചയവുമില്ലാത്ത ജനക്കൂട്ടത്തിന് മുന്നില്‍ സ്വകാര്യവിവരങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്ന കുട്ടികള്‍ പല വോയിസ് ഗ്രൂപ്പുകളിലും സജീവമാണ്. ഇത്തരക്കാര്‍ക്കായി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘമുണ്ട്. സ്വന്തം വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മറ്റുളളവരുടെ മുന്നില്‍ തുറന്നു കാണിക്കുന്നതിന്‍റെ ആപത്തും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്‍റെ അപകടവുമൊന്നും മനസിലാക്കാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെ ഈ ചതിക്കുഴിയിലേയ്ക്ക് ചാടുന്നത്.

സ്വയം ന്യായീകരിക്കാന്‍ പലരും പറയുന്ന വാദം ക്ലബ്ബ് ഹൗസില്‍ വോയിസ് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ചോ മറ്റ് റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ വഴിയോ സ്ക്രീന്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ചോ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. വിദ്യാലയങ്ങളിലും മറ്റും ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സമയങ്ങളില്‍ പോലും കുട്ടികള്‍ പല ഗ്രൂപ്പുകളിലും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു അപകടം. മാതാപിതാക്കളില്‍ പലരും ക്ലാസ് സമയത്ത് കുട്ടികളെ ശല്യം ചെയ്യണ്ട എന്ന് കരുതുന്നതും പല കുട്ടികളും മുതലെടുക്കും. പക്വതയില്ലാത്ത പ്രായത്തില്‍ വിവിധ ഗ്രൂപ്പുകളുടെ ആകര്‍ഷണത്തില്‍ പെട്ടുപോകുന്നവര്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന അനാവശ്യ കൂട്ടുകെട്ടുകളിൽ എത്തിപ്പെടുകയാണ് ചെയ്യുന്നത്.


TAGS :
Next Story