Quantcast

ലീഗ് സ്തുതിയുടെ രാഷ്ട്രീയ അന്തർധാരകൾ

ഇസ്‌ലാമോഫോബിയ ആയുധമാക്കുന്ന തന്ത്രം സി.പി.എം മാറ്റിപ്പിടിക്കുമ്പോള്‍ മുസ്‌ലിം ലീഗ് ചിരിച്ചുകൊണ്ട് നിന്നുകൊടുക്കുകയാണ് എന്ന വിമർശനം ലീഗിനകത്ത് തന്നെയുണ്ട്. സി.പി.എമ്മിന്റെ പ്രശംസ കേട്ട് നിന്ന് ആസ്വദിക്കുകയാണ് ലീഗ് നേതാക്കള്‍ എന്നവർ പരിതപിക്കുന്നുണ്ട്.

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2022-12-25 10:52:09.0

Published:

25 Dec 2022 10:41 AM GMT

ലീഗ് സ്തുതിയുടെ രാഷ്ട്രീയ അന്തർധാരകൾ
X

മുസ്‌ലിം ലീഗിനെ നല്ല വാക്കുകൾ കൊണ്ട് പൊതിയുന്ന സി.പി.എം ഉന്നതരുടെ പ്രസ്താവനകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയ അർഥങ്ങൾ അന്വേഷിക്കുന്നതാണ് ഈ കുറിപ്പ്. എതിർ പാളയത്തിലുള്ളവരുടെ അഭിനന്ദനങ്ങളും മുഖസ്തുതികളും വലിയ കാര്യമായി ആഘോഷിക്കാറുള്ളവരാണ് പൊതുവെ ലീഗുകാർ. പലപ്പോഴും പാർട്ടിയെ വ്യാഖ്യാനിക്കാൻ പോലും അവർ ഉപയോഗിക്കുന്നത് മറ്റുള്ളവർ ലീഗിനെക്കുറിച്ച് കാലാകാലങ്ങളിൽ പറഞ്ഞ നല്ല വാക്കുകളാണ്. നിരന്തരം മതേതരത്വ ടെസ്റ്റിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സംഘത്തിന് സ്വാഭാവികമായി ഉണ്ടാവുന്ന അരക്ഷിതാവസ്ഥയാണ്, മറ്റുള്ളവരുടെ പ്രകീർത്തനങ്ങളെ ഇത്രകണ്ട് ആഘോഷിക്കുന്നതിന്റെ മനഃശാസ്ത്രം.

ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നല്‍കിയ 2021ലെ തെരഞ്ഞെടുപ്പിന് ശേഷം നിരാശയിലും ആഭ്യന്തര പ്രശ്നങ്ങളിലും നീറിപ്പുകഞ്ഞ ലീഗ് മുസ്‌ലിം സമുദായത്തിലും കേരള രാഷ്ട്രീയത്തിലും ശക്തി സ്വരൂപിച്ച് വരുന്ന സമയമാണിത്. മുസ്‌ലിം വിശ്വാസി സമൂഹമാകട്ടെ സി.പി.എമ്മില്‍ നിന്നും വല്ലാതെ അകലത്തിലാണിപ്പോള്‍. പൊലീസ് കാണിക്കുന്ന പക്ഷപാത സമീപനങ്ങൾ, സംവരണ അട്ടിമറി, മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ വിവേചനം, ചില നേതാക്കളുടെ ഇസ്‌ലാമോഫോബിക് പ്രസ്താവനകൾ, കാമ്പസിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന ഉദാര ലൈംഗികതയ്ക്കായുള്ള പ്രചാരണങ്ങൾ, അത്തരം ആശയങ്ങൾ ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി വരുന്നു എന്ന ആശങ്കകൾ... തുടങ്ങി ഒത്തിരി കാരണങ്ങളാൽ മുസ്‌ലിം സമുദായം ഇടതുപക്ഷത്തിൽ നിന്ന് മാനസികമായി അകന്ന രാഷ്ട്രീയ സന്ദർഭമാണിത്. ഈ സാഹചര്യത്തെ പൂർണമായെങ്കിലും ചെറിയ അളവിലെങ്കിലും സി.പി.എം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതും വസ്തുതയാണ്.


ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കായ കാന്തപുരം വിഭാഗം സുന്നികൾ പോലും സി.പി.എമ്മിനെ നിരന്തരം സൈദ്ധാന്തികമായി കടന്നാക്രമിക്കുന്നുണ്ട്. അവരുടെ വാരികയുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള കവര്‍സ്റ്റോറി 'കേരളം ഒരു കമ്യൂണിസ്റ്റ് രാജ്യമല്ല' എന്നായിരുന്നു. ലീഗിനോട് കലഹിച്ചിരുന്ന സമസ്തയിലെ യുവജന വിഭാഗത്തിനും സി.പി.എമ്മിനോട് പഴയ മമതയില്ല. ലീഗിനെ തള്ളി സി.പി.എമ്മിനോട് അടുക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടമുണ്ടാക്കുമെന്ന് അവരും വിലയിരുത്തുന്നു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന സത്താര്‍ പന്തല്ലൂര്‍ റസിഡന്‍റ് എഡിറ്ററായി ചുമതലയേറ്റതിന് പിറകേ സമസ്തയുടെ മുഖപത്രം സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ചിട്ടുണ്ട്. സംവരണ അട്ടിമറി, ഉദാരലൈംഗികതാ സമീപനങ്ങൾ എന്നിവയിൽ സര്‍ക്കാരിനെ ഒട്ടും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. മറുഭാഗത്ത്, കാന്തപുരം വിഭാഗം മുസ്‌ലിം ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ്. മരണം, സമ്മേളനം, വിവാഹം, രോഗി സന്ദർശനം പോലുള്ള സന്ദർഭങ്ങളിൽ ഇരുപക്ഷത്തേയും നേതാക്കളുടെ ഒരുമിച്ചുള്ള സാന്നിധ്യവും സജീവമായ സമ്പർക്കങ്ങളും പതിവായിക്കഴിഞ്ഞു. സമുദായത്തില്‍ ലീഗ് കൂടുതല്‍ സുരക്ഷിതമായ ഇടം സമ്പാദിച്ചത് കോണ്‍ഗ്രസിനും യു.ഡി.എഫിനും മലബാറില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച കേരളത്തിലെ കാംപസ് തെരഞ്ഞെടുപ്പിന്‍റെ ഫലം പരിശോധിക്കുമ്പോൾ പോലും ഇതിന്റെ ചില സൂചനകൾ കണ്ടെടുക്കാൻ കഴിയും. ഹരിത വിവാദത്തിൽ പെട്ട് രണ്ട് വർഷത്തോളമായി ഏതാണ്ട് പ്രവർത്തനം തന്നെ നിലച്ചുപോയ എം.എസ്.എഫ് ശക്തമായ തിരിച്ചു വരവാണ് കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിൽ നടത്തിയത്. എസ്.എഫ്.ഐയുടെ 'മതിരാസ - ലിബറല്‍ രാഷ്ട്രീയത്തിനെതിരെ'യാണ് എം.എസ്.എഫ് കാമ്പയിൻ നടത്തിയത്. എസ്.എഫ്.ഐ ആകട്ടെ 'എം.എസ്.എഫിന്റെ സ്ത്രീ വിരുദ്ധത'യാണ് കാമ്പയിന്‍ ചെയ്തത്. എന്നാൽ, വനിതാ കോളജുകളിൽ പോലും എം.എസ്.എഫ് വലിയ മുന്നേറ്റമുണ്ടാക്കി. മധ്യകേരളത്തിലെ പല കാമ്പസുകളിലും കെ.എസ്.യുവിനേക്കാള്‍ മികച്ച പ്രകടനം എം.എസ്.എഫ് നടത്തി. കായംകുളം എം.എസ്.എം കോളജില്‍ ചെയര്‍മാനെ വിജയിപ്പിക്കാനും എം.എസ്.എഫിനായി. ഹരിത പ്രശ്നത്തിൽപെട്ട് വിവാദ നായകനായ പി.കെ നവാസിന്റെ നേതൃത്വത്തിലാണ് എം.എസ്.എഫ് ഈ മുന്നേറ്റമുണ്ടാക്കുന്നത്.

എസ്.എഫ്.ഐ കാമ്പസിൽ ലിബറലിസവും ലൈംഗിക അരാജകത്വവും പ്രചരിപ്പിക്കുകയാണെന്ന വിമർശനവും എല്ലാ മുസ്‌ലിം മത സംഘടനകളും അടുത്ത കാലത്തായി വ്യാപകമായി ഉന്നയിക്കുന്നുണ്ട്. അവരുടെ പ്രസിദ്ധീകരണങ്ങളും മതസമ്മേളനങ്ങളും ശ്രദ്ധിച്ചാൽ അക്കാര്യം മനസിലാവും. അതിന്റെ തുടർച്ചയിലാണ് വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ പേരിൽ ഇത്തരം ആശയങ്ങൾ ഔദ്യോഗിക തലത്തിൽ പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നു എന്ന ചിന്ത മുസ്‌ലിം സംഘടനകൾക്കിടയിൽ വളർന്നത്. ഇത്തരം ആശങ്കകളും എസ്.എഫ്.ഐ പ്രചാരണങ്ങളോടുള്ള എതിർപ്പും കാമ്പസ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് അനുകൂലമായി ഭവിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.


പഴയ അടവുകൾ മതിയാവില്ല


ലീഗിനേയും ചില മുസ്‌ലിം സംഘടനകളേയും ശത്രുപക്ഷത്ത് നിര്‍ത്തി കടന്നാക്രമിച്ചും കാന്തപുരത്തെ ഒപ്പം നിര്‍ത്തിയുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ഭൂരിപക്ഷ- ന്യൂനപക്ഷ വോട്ടുകള്‍ ഒരു പോലെ സമാഹരിച്ചത്. ആ സാഹചര്യം പാടേ മാറിക്കഴിഞ്ഞു. ക്രൈസ്തവ സഭകള്‍ക്കും സര്‍ക്കാരിനോട് പഴയ മമതയില്ല. വിഴിഞ്ഞം, ബഫര്‍സോണ്‍ വിഷയങ്ങളില്‍ ലത്തീന്‍, സിറോ മലബാര്‍ സഭകള്‍ക്കുണ്ടായ അതൃപ്തി അത്ര ചെറുതല്ല. എന്‍.എസ്.എസും സര്‍ക്കാരും തമ്മിലുള്ള അകലവും കുറഞ്ഞിട്ടില്ല.

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന്‍റെ നിലപാട് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കുമെന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. ഇത് കണക്ക് കൂട്ടി സൂക്ഷ്മമമായ ചില നീക്കങ്ങളാണ് സി.പി.എം ലീഗിനെ ചാരി നടത്തുന്നത്. ലീഗിനെക്കുറിച്ച നല്ല വാക്കുകൾ നിരന്തരം പറഞ്ഞ് മുസ്‌ലിം സമുദായവുമായി ഉണ്ടായ വിടവ് കുറക്കാൻ സാധിക്കുമോ എന്നാണ് അവർ ആലോചിക്കുന്നത്. യു.ഡി.എഫിനകത്ത് ആശയക്കുഴപ്പമുണ്ടാക്കുക എന്ന തന്ത്രവും ലീഗ് സ്തുതിക്ക് പിറകിലുണ്ട്. 'ലീഗ് എൽ.ഡി.എഫിലേക്ക്' എന്ന ചർച്ച അന്തരീക്ഷത്തിൽ നിലനിർത്തുന്ന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് തന്നെയാണ് സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫിലെ പരസ്പര വിശ്വാസം ഇല്ലാതാക്കാൻ സാധിക്കും എന്നതാണ് അതിന്റെ ഒരു ഗുണം. ലീഗിന്റെ ഭാഗത്ത് നിന്നും തദ്വാരാ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്നുമുള്ള കടുത്ത എതിർപ്പുകളെ ലഘൂകരിക്കാനും ഈ 'ലീഗ് സാന്ത്വന പരിചരണ പരിപാടി'യിലൂടെ സാധിക്കും എന്ന് സി.പി.എം കണക്കുകൂട്ടുന്നുണ്ട്. കോൺഗ്രസിനെക്കാൾ മികച്ച കൂട്ട് സി.പി.എം ആണെന്ന് വിചാരിക്കുന്ന ചെറിയൊരു വിഭാഗം ലീഗ് നേതൃത്വത്തിലുണ്ട്. അവരിൽ ആവേശം സൃഷ്ടിക്കാനും സി.പി.എം പ്രതികരണങ്ങൾക്ക് സാധിച്ചേക്കും.

പരിചരണ ചികിത്സയിൽ മയങ്ങി ലീഗ്


സി.പി.എമ്മിന്റെ തന്ത്രങ്ങളോടുള്ള മുസ്ലിം ലീഗിന്‍റെ അശ്രദ്ധമായ പ്രതികരണങ്ങള്‍ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് സാധ്യതകളെ പോലും ബാധിക്കാവുന്നതാണ്. സിപിഎം നടത്തിയ ലീഗ് പ്രശംസയിലെ രാഷ്ട്രീയം വായിക്കുന്നതിലും ശ്രദ്ധയോടെ പ്രതികരിക്കുന്നതിലും ലീഗ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് വസ്തുത. സി.പി.എമ്മിന്‍റെ പ്രശംസ കാത്തുനില്‍ക്കുകയായിരുന്നു ലീഗ് എന്ന പ്രതീതിയാണ് അവരുടെ പ്രതികരണം സൃഷ്ടിച്ചത്. യുഡിഎഫില്‍ തുടരാനാണ് മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നതെങ്കില്‍, എം.വി ഗോവിന്ദന്‍റെ പ്രശംസയോടുള്ള പ്രതികരണം വിഡ്ഢിത്തം നിറഞ്ഞതായി എന്ന് തീര്‍ത്ത് പറയാം. ലീഗിനെ തലോടിയും സ്തുതിച്ചുമുള്ള എം.വി ഗോവിന്ദന്‍റെ പ്രസ്താവനയില്‍ സന്തോഷിച്ച സ്വാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും നോക്കി നിരാശ പ്രകടിപ്പിച്ചവരിൽ കാന്തപുരം വിഭാഗത്തിലെ നേതാക്കളും ഉണ്ടെന്നതാണ് കൗതുകകരം. സമുദായം ചിന്തിക്കുന്നിടത്ത് പലപ്പോഴും ലീഗ് ഉണ്ടാകാറില്ലെന്നായിരുന്നു അവരിൽപെട്ട ഒരാളുടെ പ്രതികരണം. സി.പി.എം പ്രതികരണത്തില്‍ ലീഗ് സന്തോഷിക്കുന്നത് സമുദായ താത്പര്യത്തിന് വിരുദ്ധമാണെന്ന കാന്തപുരം വിഭാഗത്തിന്റെ ചിന്തയില്‍ പ്രകടമാകുന്നതാണ് സമകാലിക മുസ്‌ലിം രാഷ്ട്രീയ മനസ്.

ഇസ്‌ലാമോഫോബിയ ആയുധമാക്കുന്ന തന്ത്രം സി.പി.എം മാറ്റിപ്പിടിക്കുമ്പോള്‍ മുസ്‌ലിം ലീഗ് ചിരിച്ചുകൊണ്ട് നിന്നുകൊടുക്കുകയാണ് എന്ന വിമർശനം ലീഗിനകത്ത് തന്നെയുണ്ട്. സി.പി.എമ്മിന്റെ പ്രശംസ കേട്ട് നിന്ന് ആസ്വദിക്കുകയാണ് ലീഗ് നേതാക്കള്‍ എന്നവർ പരിതപിക്കുന്നുണ്ട്. ഈ പ്രശംസ കൊണ്ട് ലീഗിന് വോട്ട് കൂടില്ലെങ്കിലും സി.പി.എമ്മിന് അവരുടെ രാഷ്ട്രീയ സാധ്യതകളെ വികസിപ്പിക്കാൻ കഴിയും. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ നിങ്ങളാര് എന്ന് ചോദിക്കേണ്ടിടത്ത് ആ സർട്ടിഫിക്കറ്റ് പൊക്കിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ലീഗ് നേതൃത്വത്തിന്റെ സമീപനത്തെ പരിഹസിക്കുന്നവർ ലീഗിന്റെ വിദ്യാർഥി നിരയിലും കാണാം. സി.പി.എമ്മിന്റെ അംഗീകാരത്തിൽ ആഹ്ലാദിക്കുന്നത് നേതൃത്വത്തിന്റെ ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമായാണ് അവർ കാണുന്നത്. ലീഗിനും യു.ഡി.എഫിനും രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുന്ന ഒരു സി.പി.എം തന്ത്രത്തെ ശരിയാംവിധം തിരിച്ചറിയാനോ മറികടക്കാനോ ലീഗിനായില്ല എന്ന് വിലയിരുത്താൻ കഴിയും. മറ്റുള്ളവരുടെ മുഖസ്തുതിയുടെ ബലത്തിൽ നിലനിൽക്കേണ്ടതല്ല ന്യൂനപക്ഷ രാഷ്ട്രീയം എന്ന് പറയുന്നവരെ ലീഗിനകത്ത് തന്നെ ഇപ്പോൾ കാണാൻ കഴിയും.


20ൽ 19 സീറ്റിലും പരാജയപ്പെട്ട കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അനുഭവം ആവർത്തിക്കരുതെന്ന് സി.പി.എമ്മിന് നിർബന്ധമുണ്ട്. അതിന് വേണ്ടിയുള്ള രാഷ്ട്രീയമായും സംഘടനാപരവുമായ പരിശ്രമങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ആവർത്തിക്കപ്പെടുന്ന ലീഗ് സ്തുതികൾ അതിന്റെ ഭാഗമാണ്. യു.ഡി.എഫിനകത്ത് തങ്ങളുടെ വിലപേശൽ ശേഷി വർധിപ്പിക്കാൻ ലീഗിന് ഉപകാരപ്പെടും എന്നത് മാത്രമാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇത് കൊണ്ടുള്ള ഗുണം. എന്നാൽ അത്തരം ആലോചനകൾ പോലും ലീഗിനകത്ത് നടക്കുന്നില്ല എന്നതാണ് കൗതുകതരം. Four Seats for IUML എന്ന തലക്കെട്ടിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് അണികൾ സോഷ്യൽ മീഡിയ കാമ്പയിൻ നടത്തിയിരുന്നു. കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന എം.എസ്.എഫ് നേതാക്കളാണ് ആ കാമ്പയിന് പിന്നിൽ പ്രവർത്തിച്ചത്. ആ കാമ്പയിനെ ഏറ്റെടുക്കാനോ ചർച്ചകൾ മുന്നോട്ട് വികസിപ്പിക്കാനോ ലീഗിന് സാധിച്ചിട്ടില്ല. സി.പി.ഐക്ക് എൽ.ഡി.എഫിൽ നാല് പാർലമെന്റ് സീറ്റ് അനുവദിക്കുമ്പോഴാണ് യു.ഡി.എഫിൽ ലീഗിന് വെറും രണ്ട് സീറ്റ് മാത്രം അനുവദിക്കുന്നത്. ഇത് അണികളിലുണ്ടാക്കുന്ന അസ്വസ്ഥതയായിരുന്നു ആ കാമ്പയിന്റെ കാരണം. എന്നാൽ അടുത്ത പാർലമന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മറ്റ് പല പാർട്ടികളും തുടങ്ങിക്കഴിഞ്ഞിട്ടും ലീഗിൽ അത്തരം ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല.

TAGS :

Next Story