സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുത്തനെ കുറയുന്നു; തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കെ- സോട്ടോ
2017ന് ശേഷമാണ് സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുത്തനെ കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി കെ-സോട്ടോ. കോടതി വ്യവഹാരങ്ങളും സിനിമയും തിരിച്ചടി സൃഷ്ടിച്ചുവെന്ന് കെ-സോട്ടോ നോഡൽ ഓഫീസർ നോബിൾ ഗ്രേഷ്യസ് മീഡിയ വണിനോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ മോഹൻദാസിന്റെ വിമർശനത്തെയും കെ-സോട്ടോ തള്ളി.
2017ന് ശേഷമാണ് സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുത്തനെ കുറഞ്ഞത്. മൃതസഞ്ജീവനി 2012 കൊണ്ടുവന്നപ്പോൾ സംസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ചു. 2012 മുതൽ 2016 മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ കണക്ക് ഉയർന്നതായിരുന്നു. എന്നാൽ 2017ഓടെ അവയവദാനം ഗണ്യമായി കുറഞ്ഞു. 72 പേർ മരണാനന്തര അവയവദാനം നടത്തിയ കണക്കിൽ നിന്ന് 18 പേരിലേക്ക് പിന്നീടുള്ള വർഷം ചുരുങ്ങി.
2018ൽ അവയവം ദാനം ചെയ്തത് എട്ടുപേരാണ്. 2019 മുതൽ 2025 വരെ എത്തിനിൽക്കുമ്പോഴും അവയവദാനത്തിന്റെ വളർച്ച കീഴ്പോട്ട്. ഇതുവരെ സംസ്ഥാനത്ത് നടന്നത് 389 മരണാനന്തര അവയവദാനം. ഇതിൽ 333 എണ്ണവും സ്വകാര്യ ആശുപത്രികൾ മുഖേന. 56 മരണാനന്തര അവയവദാനം സർക്കാർ മെഡിക്കൽ കോളജുകൾ വഴിയും നടന്നു.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചും അവയവദാനത്തെക്കുറിച്ചും ചിലർ കോടതിയിൽ കേസുമായി പോയത് അവയവദാനത്തെ പ്രതികൂലമായി ബാധിച്ചെന്ന് നോഡൽ ഓഫീസർ പറഞ്ഞു. ചില സിനിമകളും അവയവദാനത്തെ പിന്നോട്ട് അടിച്ചു. സംസ്ഥാനത്ത് അവയവദാനത്തെ നിരുത്സാഹപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്തിഷ്കമരണം കൂടുതലും സ്ഥിരീകരിക്കുന്നത് സ്വകാര്യ ആശുപത്രിയിലാണ്. ഈ വർഷം സ്ഥിരീകരിച്ചത് 11 മസ്തിഷ്ക മരണങ്ങളാണ്. അതിൽ പത്തും സ്വകാര്യ ആശുപത്രിയിൽ. ഒന്നുമാത്രം മെഡിക്കൽ കോളജിലും
മരണാനന്തര അവയവദാനം കണക്ക്:
- 2012 - 9
- 2013 - 58
- 2014 - 58
- 2015 - 76
- 2016 - 72
പിന്നീട് അവയവദാനം ഗണ്യമായി കുറഞ്ഞു
- 2017 - 18
- 2018 - 08
- 2019 - 19
- 2020 - 21
- 2021 - 17
- 2022 - 14
- 2023 - 19
- 2024 - 11
- 2025 - 11
Adjust Story Font
16

