Quantcast

'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്'; അന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ

കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ വെച്ച ബോർഡ് നശിപ്പിച്ച നിലയിൽ

MediaOne Logo

Web Desk

  • Updated:

    2026-01-26 04:25:41

Published:

26 Jan 2026 7:57 AM IST

നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്; അന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ
X

കണ്ണൂര്‍: കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ വെച്ച ബോർഡ് നശിപ്പിച്ച നിലയിൽ. വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് മുന്നിലെ ബോർഡാണ് നശിപ്പിച്ചത്. അന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ പതിച്ചു. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട്' എന്ന് ഫ്ലക്സിലെഴുതിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദൻ്റെയും ഫോട്ടോ ഫ്ലക്സിലുണ്ട്.

അതേസമയം കുഞ്ഞികൃഷ്ണനെതിരായ അച്ചടക്കനടപടി ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം കുഞ്ഞികൃഷ്ണന്‍റെ തുടർനീക്കം എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.

രക്തസാക്ഷി ഫണ്ട് അടക്കം മോഷ്ടിച്ചെന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണം സിപിഎമ്മിനെ വലിയ തോതിൽ പിടിച്ചുലച്ചിട്ടുണ്ട്. എന്ത് നടന്നാലും തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന പയ്യന്നൂരെ പാർട്ടി നേതൃത്വം പൊതുസമൂഹത്തിന് മുന്നിൽ ഉത്തരം മുട്ടിയ നിലയിലാണിപ്പോൾ. അതാണ് കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്നാവശ്യം ജില്ലാ സെക്രട്ടേറിയേറ്റ് കൈക്കൊള്ളാൻ കാരണം. ജില്ലാ കമ്മറ്റിയിലും ഇതേ നിലപാടിന് തന്നെയാണ് സാധ്യത. രാവിലെ പത്ത് മണിക്ക് ഇ.പി ജയരാജൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മറ്റി യോഗം. അച്ചടക്ക നടപടിക്കൊപ്പം പാർട്ടി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തിൽ ചർച്ചയാകും.

കുഞ്ഞികൃഷ്ണനെതിരായ നടപടി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഉടൻ വിശദീകരണ യോഗം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളും ഉടൻ ആരംഭിക്കും. 29 ന് കുഞ്ഞികൃഷ്ണൻ്റെ പുസ്തകം കൂടി പുറത്തിറങ്ങുന്നതും പാർട്ടി കണക്കിലെടുക്കുന്നുണ്ട്.. ടി.ഐ. മധുസൂദനനെതിരെയുള്ള നീക്കം കോൺഗ്രസും ബിജെപിയും ശക്തമാക്കുന്നതോടെ പയ്യന്നൂരെ രാഷ്ട്രീയ രംഗം ചൂടുപിടിക്കും. ഉറച്ച മണ്ഡലമെന്ന പേര് കുഞ്ഞികൃഷ്ണൻ്റെ തുറന്നു പറച്ചലിൽ പൊളിഞ്ഞു വീഴുമോ എന്നാശങ്ക അണികളിലും ശക്തമാണ്.

TAGS :

Next Story