Quantcast

എം.വി ഗോവിന്ദൻ്റേത് സങ്കുചിത ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അജണ്ട; പ്രമോദ് പുഴങ്കര

''ഗോവിന്ദന്റെ ആക്ഷേപത്തിന് ജമാഅത്തെ ഇസ്‌ലാമിയുമായല്ല ബന്ധം. അത് ശരിവെക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംകൾ പാകിസ്താന്‍ അനുകൂലികളും ഇസ്‌ലാമിക ഭീകരവാദാനുകൂലികളുമാണ് എന്ന സംഘ്പരിവാറിന്റെ ആക്ഷേപത്തിന്റെ മൃദു ഭാഷ്യമൊ ഒളിഭാഷയോ ആണ്'

MediaOne Logo

Web Desk

  • Published:

    14 Jun 2025 11:13 PM IST

എം.വി ഗോവിന്ദൻ്റേത് സങ്കുചിത ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അജണ്ട; പ്രമോദ് പുഴങ്കര
X

കോഴിക്കോട്: എം.വി ഗോവിന്ദന്‍ ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താൻ അനുകൂലികളും ഭീകരവാദാനുകൂലികളുമാക്കുന്നുവെന്ന് അഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര.

''തെരഞ്ഞെടുപ്പുകളിൽ തങ്ങളോട് കാണിക്കുന്ന കൂറിനനുസരിച്ചിരിക്കും കേരളത്തിലെ മുസ്‌ലിംകളോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടെന്നുള്ളത് അപകടകരമായ രാഷ്ട്രീയാന്തരീക്ഷമാണ് ഉണ്ടാക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാത്ത ഏകസംഘം ജമാഅത്തെ ഇസ്‌ലാമിയാണെന്നത്‌ പാർടി സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന അപകടകരമാകുന്നത് അതിന്റെ ഭാഗമായാണ്.

ഗോവിന്ദന്റെ ആരോപണം സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലെ ഭാഷയിലാകുന്നതാണ് അമ്പരപ്പിക്കുന്നത്. ഗോവിന്ദന്റെ ആക്ഷേപത്തിന് ജമാഅത്തെ ഇസ്‌ലാമിയുമായല്ല ബന്ധം. അത് ശരിവെക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംകൾ പാകിസ്താന്‍ അനുകൂലികളും ഇസ്‌ലാമിക ഭീകരവാദാനുകൂലികളുമാണ് എന്ന സംഘ്പരിവാറിന്റെ ആക്ഷേപത്തിന്റെ മൃദു ഭാഷ്യമൊ ഒളിഭാഷയോ ആണ്''- ഫേസ്ബുക്ക് പോസ്റ്റില്‍ പ്രമോദ് പുഴങ്കര പറയുന്നു.

''ഓരോ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾ നിരന്നുനിന്ന് ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന ആവശ്യം സംഘ്പരിവാറിന്റേതാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പായപ്പോൾ അത് സിപിഎം സെക്രട്ടറിയുടേതുമാണ്. ഇന്ത്യയിലെ ഒരു ഹിന്ദു സംഘടനയോ കൃസ്ത്യൻ സംഘടനയോ നേരിടേണ്ടാത്ത “രാജ്യസ്നേഹ പരീക്ഷ” മുസ്‌ലിം സംഘടനകൾ നേരിടേണ്ടതുണ്ട് എന്ന് പറയുന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമുണ്ടാക്കിയ The new normal ആണ്''- അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പുകളിൽ തങ്ങളോട് കാണിക്കുന്ന കൂറിനനുസരിച്ചിരിക്കും കേരളത്തിലെ മുസ്ലീങ്ങളോടുള്ള സി പി ഐ ((എം) ന്റെ രാഷ്ട്രീയ നിലപാടെന്നുള്ളത് അപകടകരമായ രാഷ്ട്രീയാന്തരീക്ഷമാണ് ഉണ്ടാക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാത്ത ഏകസംഘം ജമാ അത് ഇസ്ലാമിയാണെന്ന പാർടി സെക്രട്ടറി എം. വി. ഗോവിന്ദന്റെ പ്രസ്താവന അപകടകരമാകുന്നത് അതിന്റെ ഭാഗമായാണ്.

ജമാഅത്തെ ഇസ്ലാമിയോടുള്ള രാഷ്ട്രീയ എതിർപ്പും അതിന്റെ മതാധിഷ്ഠിതമായ ഇസ്‌ലാമിക് രാഷ്ട്രീയം അടിമുടി എതിർക്കപ്പെടേണ്ടതാണെന്നും കരുതുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നയാളാണ് ഞാൻ. എന്നാൽ ഗോവിന്ദന്റെ ആരോപണം സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലെ ഭാഷയിലാകുന്നതാണ് അമ്പരപ്പിക്കുന്നത്ത് . ഗോവിന്ദന്റെ ആക്ഷേപത്തെ ജമാ അത് ഇസ്ലാമി വസ്തുതാപരമല്ല എന്ന് പറഞ്ഞുകൊണ്ട് നിഷേധിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ആ വഴിക്ക്നടക്കട്ടെ. എന്നാൽ ഗോവിന്ദന്റെ ആക്ഷേപത്തിന് ജമാ അത് ഇസ്ലാമിയുമായല്ല ബന്ധം. അത് ശരിവെക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്ഥാൻ അനുകൂലികളും ഇസ്‌ലാമിക ഭീകരവാദാനുകൂലികളുമാണ് എന്ന സംഘപരിവാറിന്റെ ആക്ഷേപത്തിന്റെ മൃദു ഭാഷ്യമൊ ഒളിഭാഷയോ ആണ്.

മുസ്ലീങ്ങൾക്ക് ഇന്ത്യ പുണ്യഭൂമിയല്ലെന്നും അതുകൊണ്ടുതന്നെ അവർ പൂർണ്ണാവകാശങ്ങളുള്ള ഇന്ത്യക്കാരാവുക അസാധ്യമാണെന്നുമാണ് സവർക്കർ മുതലുള്ള ഹിന്ദുത്വ രാഷ്ട്രീയ നിലപാട്. ഹിന്ദുക്കളും മുസ്ലീങ്ങളുംഇന്ത്യക്കുള്ളിൽ രണ്ടു ദേശങ്ങളാണെന്ന നിലപാട് ലീഗിന്റെ ദ്വിരാഷ്ട്രവാദത്തിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയസംഘങ്ങളും ഇന്ത്യയിൽ ഉയർത്തിയിരുന്നു. വിഭജനാനന്തരം ആർ എസ് എസ് എക്കാലത്തും ആരോപിക്കുന്നത് ഇന്ത്യൻ മുസ്ലീങളുടെ കൂറ് പാകിസ്ഥാനോടാണ്, അവർ ഇസ്‌ലാമിക് തീവ്രവാദത്തിന്റെ sleeping cell കളാണ് എന്നാണ്. ഓരോ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾ നിരന്നുനിന്ന് ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന ആവശ്യം സംഘ്പരിവാറിന്റേതാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പായപ്പോൾ അത് സി പി എം സെക്രട്ടറിയുടേതുമാണ്.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി എത്ര ഹീനമായ രീതിയിലാണ് മുസ്‌ലിം അപരവത്ക്കരണത്തിന്റെ സംഘ്പരിവാർ രാഷ്ട്രീയത്തെ സിപിഎം വർഗീയവിരുദ്ധരാഷ്ട്രീയത്തിന്റെ മറക്കുട ചൂടി ആനയിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ, കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പാകിസ്ഥാൻ അനുകൂലികളായ വിഭാഗങ്ങളുണ്ട് എന്ന സംഘപരിവാർ വാദത്തിനെയാണ് ഗോവിന്ദൻ സാധൂകരിചുകൊടുക്കുന്നത്. ഇന്ത്യയിലെ ഒരു ഹിന്ദു സംഘടനയോ കൃസ്ത്യൻ സംഘടനയോ നേരിടേണ്ടാത്ത “രാജ്യസ്നേഹ പരീക്ഷ” മുസ്‌ലിം സംഘടനകൾ നേരിടേണ്ടതുണ്ട് എന്ന് പറയുന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമുണ്ടാക്കിയ The new normal ആണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം എന്ന നിലയിൽ മുസ്ലീങ്ങൾ വോട്ടു ചെയ്തില്ല എന്ന് തിരിച്ചറിഞ്ഞതോടെ എന്നാൽപ്പിന്നെ ഒലിച്ചുപോകുന്ന ഹിന്ദുവോട്ടുകളെ തടഞ്ഞുനിർത്താൻ അല്പം മുസ്‌ലിം വിരോധമായിക്കളയാമെന്ന നെറികെട്ട അവസരവാദ രാഷ്ട്രീയമാണ് സി പി എം നടത്തുന്നത്. അതുകൊണ്ടാണ് പലസ്തീനും ഗാസയും തെരഞ്ഞെടുപ്പ് കഥാപ്രസംഗങ്ങളിൽ അത്ര പൊലിപ്പിക്കാത്തത്.

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച മോദി സർക്കാരിന്റെ വാദങ്ങളും ന്യായങ്ങളും പറയാൻ വിദേശത്തേക്ക് പറഞ്ഞയച്ച പാർലമെന്റ് അംഗങ്ങളുടെ സംഘത്തിൽ സി പി എം MP ജോൺ ബ്രിട്ടാസ്‌ ചേരുകയും വിദേശത്ത് പോയി ഒരു മടിയുമില്ലാതെ മോദി സർക്കാരിന്റെ ന്യായങ്ങൾ പറയുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ ജനാധിപത്യ വിരുദ്ധ നടപടികളെക്കുറിച്ചോ സന്ദേഹമോ വിമര്ശനമോ ഉന്നയിച്ച സർവ്വകലാശാല അദ്ധ്യാപകർ മുതൽ വിദ്യാർത്ഥികൾ വരെയുള്ളവരെ തടവിലിടുകയായിരുന്നു മോദി സർക്കാർ. യുദ്ധവിരുദ്ധ സമാധാന ജാഥ നടത്താൻ തുനിഞ്ഞവരെ അറസ്റ്റ് ചെയ്ത് പിണറായി സർക്കാരും ദേശസ്നേഹം തെളിയിച്ചു. ദേശസ്നേഹം തെളിയിക്കാൻ മുസ്ലീങ്ങൾക്കുള്ള വെല്ലുവിളിയാണിപ്പോൾ നടക്കുന്നത്.

മുസ്ലീങ്ങൾ ദേശസ്നേഹം എല്ലായ്പ്പോഴും പ്രകടിപ്പിക്കുകയും തെളിയിക്കുകയും വേണമെന്നത് സംഘപരിവാറിന്റെ സങ്കുചിത ദേശീയതയുടെ അജണ്ടയാണ്. അർബൻ നക്സലുകൾക്കും കമ്മ്യൂണിസ്റ്റുകാർക്കും ദേശസ്നേഹമില്ലെന്നും അവർ ആരോപിക്കും. ദേശസ്നേഹത്തെ ഇത്തരത്തിലൊരു ചർച്ചയാക്കേണ്ടത് സങ്കുചിത ഹിന്ദുത്വ ദേശീയത രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. സി പി എം സെക്രട്ടറി അതേ അജണ്ട ഏറ്റെടുക്കുമ്പോൾ തിരിച്ചുപോക്കില്ലാത്ത അതലങ്ങളിലേക്കാണ് അവർ പതിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരെ ചൈനീസ് ചാരന്മാർ എന്ന് വിളിച്ചു തടവിലിട്ട യുദ്ധകാലമുണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരുടെ കൂറ് കമ്മ്യൂണിസ്റ്റ് ചൈനയോടാണ് എന്നായിരുന്നു ആക്ഷേപം. ചരിത്രം അതിന്റെ ചില അങ്കങ്ങളിൽ ചിലരെ വേഷംകെട്ടിയിറക്കുന്നത് ഇത്തരം ഓർമ്മകൾ പുതുക്കാനായിരിക്കും. തെളിയിക്കേണ്ട ദേശസ്‌നേഹത്തിന്റെ അസംബന്ധ ബാധ്യത കമ്മ്യൂണിസ്റ്റുകാരോളം മനസിലാക്കുന്നവർ ചരിത്രത്തിൽ വേറെയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനും ശേഷവും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം നിലനിൽക്കേണ്ടതുണ്ട്. മലയാളികൾക്ക് ഒരു സാമാന്യമായ മതേതര സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട്. അത് രാഷ്ട്രീയകക്ഷികൾ ഓർത്താലുമില്ലെങ്കിലും കേരളത്തിലെ മതേതര മനുഷ്യരൊർക്കേണ്ടതുണ്ട്.

TAGS :

Next Story