കള്ളക്കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കരുതുന്നവര്‍ ഡിപാര്‍ട്മെന്റിലുണ്ടെന്ന് പൊലീസുകാരന്റെ എഫ്ബി പോസ്റ്റ്; അധികാരക്കസേരയോട് വിധേയത്വം കാണിക്കുന്നവരാണ് കൂടുതലെന്ന് എന്‍. പ്രശാന്ത്
കുന്നംകുളം പൊലീസ് മർദനത്തെ വിമർശിച്ച് പോസ്റ്റിട്ടപ്പോൾ ഒരുപാട് പൊലീസുകാർ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാൽ രണ്ടു പേർ മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് സിവിൽ പൊലീസ് ഓഫീസറായ ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ ഡിപാര്‍ട്മെന്റിലുണ്ടെന്ന് സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരക്കസേരയോട് വിധേയത്വം കാണിക്കുന്നവരാണ് കൂടുതലെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ കമന്റ്
കുന്നംകുളം പൊലീസ് മർദനത്തിന്റെ പശ്ചാതലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുന്നംകുളം പൊലീസ് മർദനത്തെ വിമർശിച്ച് പോസ്റ്റിട്ടപ്പോൾ ഒരുപാട് പൊലീസുകാർ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാല്‍ രണ്ടു പേര്‍ മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകൾ സെറ്റിൽമെൻ്റ് ചെയ്ത് ഷെയർ ചോദിച്ചുവാങ്ങാനും അതിൻ്റെ പങ്ക് പാർട്ടിക്കും മേലധികാരികൾക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് ഇവരെന്നും ഉമേഷ് പറയുന്നു.
''നമ്മൾ പ്രബുദ്ധത അവകാശപ്പെടുന്നെങ്കിലും, നിയമത്തെ ബഹുമാനിക്കുന്നതിനെക്കാൾ അധികാരക്കസേരയോട് അമിത ബഹുമാനവും വിധേയത്വവും കാണിക്കുന്നവരാണ് കൂടുതലും' എന്നായിരുന്നു എന്‍. പ്രശാന്തിന്റെ കമന്റ്. 'ആ കസേരയുടെ ചുറ്റും എല്ലിൻ കഷ്ണം എറിഞ്ഞു കിട്ടുന്നതും കാത്ത് മണത്ത് നടക്കുന്നവരെ ധാരാളം ഞങ്ങടെ ഡിപ്പാർട്ട്മെൻ്റിൽ കാണാം'- എന്ന മറുപടിയും ഉമേഷ് നല്‍കുന്നുണ്ട്.
പൊലീസിൽ എത്രയധികം നല്ല ഓഫീസർമാർ വന്നാലും ഈ സിസ്റ്റത്തെ ശുദ്ധീകരിക്കുന്നതിന് എളുപ്പമല്ല. എന്തെന്നാൽ അതിനകത്തെ എതിർപക്ഷത്തിന് കിട്ടുന്ന പരിഗണനയോ സംരക്ഷണമോ അവർക്ക് കിട്ടില്ല. ജീവിതവും ജീവനും കളഞ്ഞ് സിസ്റ്റത്തിന്റെ ഇരയാകുകയായിരിക്കും ഫലം എന്നും ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കുന്നംകുളം പോലീസ് മർദ്ദനത്തെ വിമർശിച്ച് പോസ്റ്റിട്ടപ്പോൾ ഒരുപാട് പോലീസുകാർ വിളിച്ച് സപ്പോർട്ട് പറഞ്ഞു. ഒരുപാട് മെസ്സേജുകൾ ഊർജ്ജം പകർന്നു. ഒരു മാറ്റത്തിന് കേരളാപോലീസിന് കരുത്തുണ്ടാവുമെന്ന് പ്രതീക്ഷ തരുന്ന സേനാംഗങ്ങൾ.
എന്നാൽ രണ്ടു പേർ മാത്രം അന്ധമായി മർദ്ദകരെ ന്യായീകരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു. "തല്ലാൻ ഒരു കാരണമുണ്ടാകും, അതല്ലേ പോലീസുകാരനായ നിങ്ങൾ നോക്കേണ്ടത്" എന്ന് പറഞ്ഞു. എന്ത് കാരണം കൊണ്ടും ന്യായീകരിക്കാൻ പറ്റാത്ത ക്രൂരതയാണ് ആ പോലീസുകാർ ചെയ്തതെന്ന് പറഞ്ഞാൽ മനസ്സിലാകാത്തവരാണ് തങ്ങളെന്ന് അവർ ബോധ്യപ്പെടുത്തി തന്നു.
ആ രണ്ടു പേർ വെറും രണ്ടു പേരല്ല. വാട്സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചർച്ചകളായും അവർ അനേകരാണ്. പോലീസിന് കള്ളക്കേസെടുക്കാനും കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകൾ സെറ്റിൽമെൻ്റ് ചെയ്ത് ഷെയർ ചോദിച്ചുവാങ്ങാനും അതിൻ്റെ പങ്ക് പാർട്ടിക്കും മേലധികാരികൾക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് അവർ. ഐ.പി.എസുകാർ മുതൽ സി.പി.ഒ മാർ വരെ അക്കൂട്ടത്തിലുണ്ട്.
അവർ ന്യൂനപക്ഷമാണെങ്കിലും പോലീസിൽ അവർക്കാണ് മേൽക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസ്സങ്ങളെ തൂത്തെറിയാനും കെൽപ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാൻ മിടുക്കുള്ളവരുമാണവർ. കൈക്കൂലി വാങ്ങാത്തവരോ മർദ്ദകരോ അല്ലാത്ത വലിയ വിഭാഗം പോലീസുകാർ ഇത്ര 'മിടുക്ക് ' ഇല്ലാത്തതിനാൽ നിശ്ശബ്ദരായി ജോലി ചെയ്തു പോകും.
മിണ്ടിയാൽ തങ്ങൾ വേട്ടയാടപ്പെടുമെന്നും ഇൻക്രിമെന്റുകൾ നഷ്ടപ്പെടുമെന്നും സംരക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും ഒപ്പമിരുന്നുണ്ണുന്നവൻതന്നെ ഒറ്റിക്കൊടുക്കുമെന്നും അനുഭവമുള്ളതിനാൽ ചുറ്റും കാണുന്ന അനീതിക്കെതിരെ മൗനം പാലിച്ച് സ്വന്തം ജോലി ചെയ്ത് പോകും. ഇത് മുതലെടുത്ത് മറ്റുള്ളവർ തഴയ്ക്കും. കള്ളന്മാരായത് കൊണ്ട് പങ്ക് കാഴ്ചവെച്ച് കാൽനക്കി നിൽക്കുന്ന ഇവരോടായിരിക്കും ഉന്നതങ്ങളിലും പ്രിയം.
അതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും ഊള ഓഫീസറെ കൂട്ടക്കൊലയിൽ നിന്നും ഉരുട്ടിക്കൊലയിൽ നിന്നും വരെ ഊരിയെടുത്ത് ഓമനിച്ചു കൊണ്ട് നടന്ന് പട്ടും വളയും കൊടുത്തു വിട്ടത്. അതുകൊണ്ടാണ് ഫോൺ വിവരങ്ങൾ ചോർത്തി കുടുംബം കലക്കി ഡിവോഴ്സിലെത്തിച്ചവനെ അതേ കുടുംബത്തിന്റെ "ജീവൻരക്ഷക"നാക്കി സർക്കാർ ഉത്തരവിറക്കിയതും എസ്.പി. റാങ്കിലേക്ക് പ്രമോഷൻ നൽകിയതും.
ഉദാഹരണങ്ങൾ നൂറ് കണക്കിന് വേറെയുമുണ്ട്.
പോലീസിൽ എത്രയധികം നല്ല ഓഫീസർമാർ വന്നാലും ഈ സിസ്റ്റത്തെ ശുദ്ധീകരിക്കുന്നതിന് എളുപ്പമല്ല. എന്തെന്നാൽ അതിനകത്തെ എതിർപക്ഷത്തിന് കിട്ടുന്ന പരിഗണനയോ സംരക്ഷണമോ അവർക്ക് കിട്ടില്ല. ജീവിതവും ജീവനും കളഞ്ഞ് സിസ്റ്റത്തിന്റെ ഇരയാകുകയായിരിക്കും ഫലം.
ഇച്ഛാശക്തിയുള്ള, ബോധമുള്ള ഭരണനേതൃത്വത്തിന് മാത്രമേ ഈ സംവിധാനത്തെ മനുഷ്യത്വപരമാക്കാനും പതിയേ മുന്നോട്ട് നയിക്കാനും സാധിക്കൂ.
ഉമ്മൻ ചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , രമേശ് ചെന്നിത്തല എന്നിവർ എന്റെ സർവീസ് കാലത്ത് ഇത്തരത്തിൽ തലപ്പത്തിരുന്ന് പോലീസ് സേനയെ മുന്നോട്ട് കൊണ്ട് പോകാൻ പരിശ്രമിച്ചവരാണ്. ദ്രവിച്ച് തുരുമ്പെടുത്ത ഒരു മർദ്ദനോപകരണത്തെ ഒരു ജനകീയ സംവിധാനമാക്കാൻ പണിയെടുത്തവർ. ഈ യന്ത്രത്തെ ക്കുറിച്ച് പഠിക്കാനും പോരായ്മകളെ തിരിച്ചറിഞ്ഞ് നവീകരിക്കാനും തയ്യാറായവർ. എന്നാൽ അവർ ഉരുട്ടിക്കയറ്റിയിടത്തു നിന്ന് താഴോട്ട് തള്ളിയിടുന്നതും നിയന്ത്രണം വിട്ട് താഴോട്ട് ഉരുണ്ടുരുണ്ട് പോകുന്നതുമാണ് പിന്നീട് കണ്ടത്.
ഒൻപത് വർഷത്തെ ഇടതു ഭരണത്തിൻ കീഴിൽ പോലീസ് ഇടതുപക്ഷവും ജനപക്ഷവും ജനാധിപത്യ സംവിധാനവും ആവുകയല്ല ചെയ്തത്. മറിച്ച് പോലീസ് മർദ്ദനത്തെ ന്യായീകരിക്കാനും എതിർക്കുന്നവരെ തെറിവിളിക്കാനും പാകത്തിൽ സൈബർ പോരാളികളായി ഇടതുപക്ഷത്തെ പലരും രൂപാന്തരപ്പെടുകയാണുണ്ടായത്.
(എൻ്റെ പോസ്റ്റുകളിൽ തന്നെ കാണാം പക്കാ ചെങ്കൊടി പ്രോഫൈലുകളിൽ നിന്നുള്ള തെറിവിളികളും ആട്ടുകളും)
പോലീസ് സ്റ്റേഷനിൽ സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് പോകുന്ന പ്രവർത്തകനെ ആട്ടിയിറക്കിയാലും തല്ലിയോടിച്ചാലും പോലീസിനെതിരെ വാതുറക്കാൻ ആ മനുഷ്യനെ അനുവദിക്കാത്ത ഇടപെടലുകളും നാം കണ്ടു.
എന്നാൽ ഇതേ കാലത്ത്, ഏത് തരത്തിലുള്ള ഉദ്യോഗസ്ഥനും പോലീസ് സ്റ്റേഷനിൽ കസേരയിട്ട് ആദരിച്ചിരുത്തേണ്ടി വരുന്നത് ആരെയാണ് എന്ന് കൂടെ മനസ്സിലാക്കിയാലേ ചിത്രം പൂർണ്ണമാകൂ. എങ്കിലേ, ഒൻപത് വർഷം കൊണ്ട് ഒരു അഭ്യന്തര മന്ത്രി തന്റെ വകുപ്പിനെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാനാവൂ.
Adjust Story Font
16

