Quantcast

തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു

ബസ് സർവീസ് നടത്താനാണ് ഉടമകളിൽ നിന്നും നിർദേശം ലഭിച്ചതെന്ന് ബസ് ജീവനക്കാർ

MediaOne Logo

Web Desk

  • Updated:

    2022-03-24 02:39:17.0

Published:

24 March 2022 2:37 AM GMT

തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു
X

തിരുവനന്തപുരം ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. നഗരത്തിലെ മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നതായാണ് വിവരം. ബസ് സർവീസ് നടത്താനാണ് ഉടമകളിൽ നിന്നും തങ്ങൾക്ക് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.

അതേസമയം കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൊതുജനത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്വകാര്യ ബസ് സമരം ആരംഭിച്ച സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്നാണ് കെ.എസ്. ആർ.ടി.സി അറിയിച്ചത്. തിരക്കേറിയ റൂട്ടുകളിൽ സർവീസ് പുനഃക്രമീകരിച്ച് കൂടുതൽ ബസ്സുകൾ ഓടുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ബസ് ചാർജ് വർധന ആവശ്യപ്പെട്ടാണ് സ്വകാര്യബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

ചാർജ് വർധന ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോൾ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. ബസുടമകളുടെ നഷ്ടം സർക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്. ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും നിർദേശമുണ്ട്.

TAGS :

Next Story