'സ്വകാര്യ സർവകലാശാലകൾ സ്വാശ്രയ സർവകലാശാലകൾ ആയിരിക്കും'; കരട് ബില്ലിന്‍റെ പകർപ്പ് മീഡിയവണിന്
പ്രത്യേക പദ്ധതികൾക്ക് വേണ്ടി സർക്കാരുമായി ധാരണാപത്രം ആവാമെന്നും ബില്ലിലുണ്ട്

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല കരട് ബില്ലിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സ്വകാര്യ സർവകലാശാലകൾ സ്വാശ്രയ സർവകലാശാലകൾ ആയിരിക്കുമെന്ന് ബില്ലിൽ പറയുന്നു. ഇത്തരം സർവകലാശാലകൾക്ക് സർക്കാർ ഗ്രാന്‍റിന് അർഹത ഉണ്ടാകില്ല. സർക്കാരിനോട് സാമ്പത്തിക സഹായം തേടാനും പാടില്ല. പ്രത്യേക പദ്ധതികൾക്ക് വേണ്ടി സർക്കാരുമായി ധാരണാപത്രം ആവാമെന്നും ബില്ലിലുണ്ട്.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നൽകിയിരുന്നു. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന നിലപാട് സിപിഎമ്മിന്‍റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.
സ്വകാര്യ സർവകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം അനുവദിക്കണം. ഇതിൽ പിന്നാക്ക സംവരണവും ഉൾപ്പെടും. സർവകലാശാലകൾ അനുവദിക്കുന്ന വകുപ്പിലെ സെക്രട്ടറിമാർ അതാത് സ്വകാര്യ സർവകലാശാല ഭരണ സമിതിയിൽ അംഗങ്ങളാകും. സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം.
Adjust Story Font
16

