Quantcast

'ഇന്റർവ്യൂവിൽ ക്രമക്കേട്; കുറഞ്ഞ സ്‌കോറുള്ള പ്രിയയ്ക്ക് നിയമനം'; രേഖകൾ മീഡിയവണിന്

ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്

MediaOne Logo

Web Desk

  • Updated:

    2022-08-13 06:03:23.0

Published:

13 Aug 2022 5:55 AM GMT

ഇന്റർവ്യൂവിൽ ക്രമക്കേട്; കുറഞ്ഞ സ്‌കോറുള്ള പ്രിയയ്ക്ക് നിയമനം; രേഖകൾ മീഡിയവണിന്
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവർക്ക് ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയെന്നാണ് വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച രേഖകൾ മീഡിയവണിനു ലഭിച്ചു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ക്രമക്കേട് വ്യക്തമാക്കുന്നത്. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. ജോസഫ് സ്‌കറിയ എന്നയാൾക്കാണ് ഏറ്റവും കൂടുതൽ പോയിന്റ്; 651. എന്നാൽ, പ്രിയയ്ക്ക് 156 പോയിന്റാണുള്ളത്. രേഖകൾ സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് കൈമാറിയിട്ടുണ്ട്.

വിവാദങ്ങൾക്കിടെ പ്രിയയുടെ ഡെപ്യൂട്ടേഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് ഒരു വർഷത്തേക്കാണ് നീട്ടിയത്. കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രിയ. കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തിൽ നേരത്തെ തന്നെ പരാതി ഉയർന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നൽകിയത്.

യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 2012ൽ തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നു വർഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സർവീസിൽ തിരിച്ചുകയറുന്നത്.

പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയിൽ ഗവർണർ നേരത്തെ വിശദീകരണം തേടിയിരുന്നു. കണ്ണൂർ സർവകലാശാല വി.സിയോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയത്.

Summary: Priya Varghese, wife of CM's Private Secretary KK Ragesh, was appointed to Kannur University in violation of norms; documents reveal

TAGS :

Next Story