വിസ തട്ടിപ്പുകേസ്; നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവും പിഴയും
2011ൽ നടന്ന കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

കൊച്ചി: വിസ തട്ടിപ്പുകേസിൽ നിർമാതാവ് ജോബി ജോർജിന് തടവും പിഴയും ശിക്ഷ. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. യുകെ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2011ൽ നടന്ന കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികൾ എന്നിവരുടെ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരെ തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
രാജേഷ് മാത്യുവിൽ നിന്ന് 2011ൽ രണ്ടുതവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. യുകെയിലേക്ക് വിസ ശരിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങിയതോടെയാണ് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ 50 ലക്ഷം രൂപ പിഴയായി നൽകണം, അതിൽ നിന്നുള്ള തുക പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
Adjust Story Font
16

