Quantcast

'ഇടതുപക്ഷത്തിന്‍റെ പോരാട്ടമുഖം'; കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് കേരളം

കാനത്തിന്‍റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

MediaOne Logo

Web Desk

  • Updated:

    2023-12-08 17:09:09.0

Published:

8 Dec 2023 2:09 PM GMT

ഇടതുപക്ഷത്തിന്‍റെ പോരാട്ടമുഖം; കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് കേരളം
X

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയകേരളം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം ഈ വിയോഗം കനത്ത നഷ്ടമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. ഇടതുപക്ഷത്തിന്റെ പോരാട്ട മുഖമായിരുന്നു കാനം എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിനു വലിയ നഷ്ടമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

കനത്ത നഷ്ടം-മന്ത്രി കെ. രാധാകൃഷ്ണൻ

സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രിയപ്പെട്ട കാനം രാജേന്ദ്രന് ആദരാഞ്ജലികൾ. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അൽപ്പം മുമ്പ് കൊച്ചിയിലെ അമ്യത ആശുപത്രിയിലായിരുന്നു അന്ത്യം. ഉജ്ജ്വലനായ സംഘാടകനായിരുന്നു അദ്ദേഹം. രണ്ടു തവണ വാഴൂരിനെ പ്രതിനിധീകരിച്ച് നിയമസഭാംഗം ആയിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം കാനത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

നാലു പതിറ്റാണ്ടിന്റെ വ്യക്തിസൗഹൃദം-മന്ത്രി വാസവൻ

കാനം രാജേന്ദ്രന് വിട. ലാൽ സലാം സഖാവേ..

നാലുപതിറ്റാണ്ട് നീണ്ടുനിന്ന വ്യക്തിസൗഹൃദമാണ് വിടവാങ്ങിയത്. കക്ഷിരാഷ്ട്രീയത്തിനപ്പുറം കോട്ടയത്തിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ എക്കാലവും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ പോരാട്ടമുഖമായിരുന്നു. സഖാവിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ല. ആദരാഞ്ജലികൾ.

അനുപമ വ്യക്തിത്വം: ദേവർകോവിൽ

വ്യാപരിച്ച മേഖലകളിലെല്ലാം വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ. ഐ.എൻ.എല്ലിനോടും വ്യക്തിപരമായി എന്നോടും അദ്ദേഹം കാണിച്ച സ്‌നേഹവും ആദരവും എന്നും നല്ല ഓർമ്മകളുടേതാണ്. കാനം എ.ഐ.ടി.യു.സി നേതൃപദവിയിലുള്ള കാലം ചൂഷണങ്ങൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് നടത്തിയ സമരപോരാട്ടങ്ങൾ ട്രേഡ് യൂനിയൻ ചരിത്രത്തിലെ സുവർണ്ണ നാളുകളുടേതായിരുന്നു. രാജ്യം വർഗീയ-കോർപ്പറേറ്റ് ശക്തികൾ ഭിന്നിപ്പിക്കുന്ന ഇരുണ്ട കാലത്ത് കാനം സ്വജീവിതത്തിലൂടെ കാണിച്ച കലർപ്പില്ലാത്ത മതനിരപേക്ഷ വഴി പോരാട്ടങ്ങൾക്ക് കരുത്തുപകരും.

എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റി-കേന്ദ്രമന്ത്രി വി. മുരളീധരൻ

കേരളരാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗം. പൊതുപ്രവർത്തന രംഗത്ത് എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കാനത്തിന് സാധിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

പാവപ്പെട്ടവർക്കൊപ്പം നിന്ന നേതാവ്: പി.എം.എ സലാം

എപ്പോഴും പാവപ്പെട്ടവർക്കൊപ്പം നിന്ന രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച കാനം രാജേന്ദ്രനെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അനുശോചനസന്ദേശത്തിൽ പറഞ്ഞു. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ചെറുപ്പം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹത്തിന് സാധാരണക്കാരുടെ പ്രശ്നങ്ങൾ തൊട്ടറിയാൻ സാധിച്ചിരുന്നു. രാഷ്ട്രീയാതീതമായി എല്ലാവരോടും സൗഹൃദം പുലർത്താനും ആരെയും ഭയപ്പെടാതെ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു-പി.എം.എ സലാം പറഞ്ഞു.

സി.പി.ഐയുടെ ജനകീയ മുഖം- കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനം രാജേന്ദ്രനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നത്.

ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച നേതാവ്: പി.എ മുഹമ്മദ് റിയാസ്

ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച നേതൃത്വമാണ് കാനം രാജേന്ദ്രന്റെതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. വിദ്യാർത്ഥി യുവജന സംഘടനാ നേതാവ്, തൊഴിലാളി സംഘടന നേതാവ്, നിയമസഭാ അംഗം തുടങ്ങി വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആകെ കനത്ത നഷ്ടമാണ് കാനത്തിന്റെ വിയോഗം. സഖാക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.

സൗഹൃദത്തിന്റെയും പരസപര ബഹുമാനത്തിന്റെയും പ്രകടമുഖം: ഡോ. സി.വി ആനന്ദബോസ്

കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗഹൃദത്തിന്റെയും പരസപര ബഹുമാനത്തിന്റെയും പ്രകടമുഖമായിരുന്നു കാനം രാജേന്ദ്രനെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കുമ്പോഴും വിശാല മാനവികത മറക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തിനതീതമായി സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്യുന്ന കാനംശൈലി ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഓർമ കേരള സമൂഹത്തിൽ പച്ചപിടിച്ചു നിൽക്കുമെന്നും ആനന്ദബോസ് പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാവ്: വീണാ ജോർജ്

ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാവാണ് കാനം രാജേന്ദ്രനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് കാനം നൽകിയ സംഭാവന വളരെ വലുതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാട് വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങളുടേയും പ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.

ആശയപരമായ വിയോജിപ്പുകൾക്കൊപ്പം സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം: പി മുജീബ് റഹ്മാൻ

ആശയപരമായ വിയോജിപ്പുകൾക്കൊപ്പം സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കാനമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. കേരളത്തിന് ജനകീയനായ ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേർപ്പാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കാളിയാകുന്നുവെന്നും പി മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

'സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ:കാനം രാജേന്ദ്രന്റെ വിയോഗ വാർത്തയറിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിക്കുകയും രോഗവിവരങ്ങൾ ആരായുകയും ചെയ്തത്. പൊതുരംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹത്തിന്റെ വിയോഗം വഴി കേരളത്തിന് ജനകീയനായ ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. ആശയപരമായ വിയോജിപ്പുകൾക്കൊപ്പം തന്നെ സൗഹൃദം കാത്തു സൂക്ഷിക്കുകയും തുറന്ന ആശയവിനിമയം നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു കാനം. അദ്ദേഹത്തിന്റെ വേർപ്പാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കാളിയാവുന്നു'.

Summary: Prominent leaders condole the demise of CPI State Secretary Kanam Rajendran

TAGS :

Next Story