Quantcast

ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ; വൈദ്യപരിശോധനയ്ക്കെത്തിച്ച ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധം

എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

MediaOne Logo

Web Desk

  • Updated:

    2026-01-11 06:41:40.0

Published:

11 Jan 2026 11:58 AM IST

Protest against Rahul Mamkootathil infront of General Hospital Pathanmathitta
X

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30യ്ക്കാണ് രാഹുലിനെ എആർ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിലേക്ക് ഇരച്ചെത്തിയത്. രാഹുൽ രാജിവയ്ക്കണമെന്ന് ഇരു സംഘടനാ പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കൂക്കുവിളിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

ഏറെ ശ്രമപ്പെട്ടാണ് രാഹുലിനെ പൊലീസുകാർ ആശുപത്രിക്ക് അകത്തേക്ക് കയറ്റിയത്. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധിക്കാരെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരും എത്തിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കനത്ത പൊലീസ് സുരക്ഷയാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

രാഹുൽ ഇറങ്ങിവരാൻ കാത്തിരിക്കുകയാണെന്നും പൊതിച്ചോർ കൊടുത്തേ ജയിലിലേക്ക് വിടൂ എന്നും ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു. നാട്ടിലെ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു. അർധരാത്രി 12.30ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പുലർച്ചെ 4.20നാണ് പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചത്. രാഹുലിനെ ഡിഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

അതേസമയം, പരാതിയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ രാഹുൽ നിഷേധിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാതിരുന്ന രാഹുൽ, എല്ലാം വക്കീൽ പറയും എന്ന് മാത്രമാണ് മറുപടി നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈം​ഗികബന്ധമാണ് ഉണ്ടായതെന്നും പീഡനമല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ക്രൂരമായി ബലാത്സം​ഗം ചെയ്തെന്നും ​ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെതിരെ ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി. മുൻകൂർ ജാമ്യത്തിന് അവസരം നൽകാതെയാണ് അർധരാത്രി മൂന്ന് വാഹനങ്ങളിലെത്തിയ എട്ട് പേരടങ്ങുന്ന പൊലീസ് സംഘം രാഹുലിനെ വലയിലാക്കിയത്. ഹോട്ടലിലെ റൂം നമ്പർ 2002ലാണ് രാഹുൽ കഴിഞ്ഞിരുന്നത്.

TAGS :

Next Story