കാട്ടാന ആക്രമണം, മാനന്തവാടിയിൽ നാട്ടുകാരുടെ പ്രതിഷേധം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
സബ് കലക്ടർ ഓഫീസിൽ കലക്ടറും ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചക്കിടെയാണ് പ്രതിഷേധം.

മാനന്തവാടി: പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ മാനന്തവാടിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം. സബ് കലക്ടർ ഓഫീസിൽ കലക്ടറും ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചക്കിടെയാണ് പ്രതിഷേധം. താത്കാലിക ആശ്വാസമായി അഞ്ച് ലക്ഷം രൂപ നൽകാമെന്നതടക്കം മുന്നോട്ടുവച്ച നിർദേശങ്ങൾ പ്രതിഷേധക്കാർ തള്ളി. 50 ലക്ഷം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
ചർച്ച അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നാണ് സൂചന. ആവശ്യങ്ങളിൽ സർക്കാരുമായി ചർച്ച നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് കലക്ടറുടെ പ്രതികരണം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സബ് കലക്ടർ ഓഫീസിനു മുന്നിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
പയ്യമ്പള്ളിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജി(47)യുടെ വീടിനു സമീപത്തുള്ള പടമലക്കുന്നിലാണ് ആനയുണ്ടായിരുന്നത്. വനം വകുപ്പ് എത്തിയതോടെ കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണു വിവരം. സംഭവസ്ഥലത്തേക്ക് ജില്ലാ കലക്ടർ പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത്. ഇന്നു രാവിലെ 7.30ഓടെയായിരുന്നു സംഭവം. ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ട അജി. കൃഷി സ്ഥലത്ത് പുല്ല് അരിയാൻ പോയതായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക ഓടിക്കയറിയെങ്കിലും ആന പിന്തുടർന്നെത്തി. മുകളിലേക്കുള്ള ചവിട്ടുപടികളും കടന്ന് ഗേറ്റ് പൊളിച്ചാണ് വീടിനു മുറ്റത്തേക്ക് ആന കുതിച്ചെത്തിയത്. ഇതിനിടെ വഴുതിവീണ അജിയെ ആന എടുത്തെറിയുകയും തലയിൽ ചവിട്ടുകയുമായിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Adjust Story Font
16


