Quantcast

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധം; ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു

മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞതിനെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2025-07-03 16:27:38.0

Published:

3 July 2025 9:47 PM IST

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധം; ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു
X

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തില്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 30 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തത്. കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്.

ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

എന്നാല്‍ പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്ത് നിന്ന് മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് നീക്കിയ ശേഷം ആംബുലന്‍സ് കടത്തിവിട്ടു.

മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കണമെന്നും നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

അതേസമയം, ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും.

TAGS :

Next Story