Quantcast

പുതുപ്പള്ളിയിൽ വോട്ടെടുപ്പിന് ശേഷം കൂട്ടിക്കിഴിച്ച് മുന്നണികൾ; ഫലം മറ്റന്നാൾ

എടുത്തു പ്രയോഗിച്ച ഏതൊക്കെ പദ്ധതികൾ ഫലം കണ്ടുവെന്നും എവിടെ പാളിയെന്നും കണ്ടെത്തുന്ന ജോലികൾ ഇന്ന് നടക്കും

MediaOne Logo

Web Desk

  • Updated:

    2023-09-06 01:15:25.0

Published:

6 Sep 2023 1:00 AM GMT

jaick c thomas
X

ജെയ്ക് സി.തോമസ്/ചാണ്ടി ഉമ്മന്‍/ലിജിന്‍ ലാല്‍‌

കോട്ടയം: ഇളക്കിമറിച്ച പ്രചാരണം കൊണ്ട് പരമാവധിപേരെ പോളിംഗ് ബൂത്തിൽ എത്തിച്ച മുന്നണികൾക്കിനി കൂട്ടിക്കിഴിച്ച് പ്രതീക്ഷകൾ രേഖപ്പെടുത്തിവക്കുന്ന രണ്ട് ദിനങ്ങൾ. എടുത്തു പ്രയോഗിച്ച ഏതൊക്കെ പദ്ധതികൾ ഫലം കണ്ടുവെന്നും എവിടെ പാളിയെന്നും കണ്ടെത്തുന്ന ജോലികൾ ഇന്ന് നടക്കും. പുതുപ്പള്ളിയെ കൂടെനിർത്താൻ പ്രയോഗിച്ച തന്ത്രങ്ങൾ ഫലം കണ്ടുവെന്ന് യു.ഡി.എഫ് കരുതുമ്പോൾ പിടിച്ചെടുക്കാനെടുത്ത അടവു തന്ത്രങ്ങളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ പടക്കിറങ്ങിയ യു.ഡി.എഫ് ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എല്ലാ ബൂത്തുകളിലും നേതാക്കളുടെ പടയെ ഇറക്കി പ്രതിപക്ഷ നേതാവ് മുന്നിൽ നിന്ന് നയിച്ചു. ഉമ്മൻ ചാണ്ടിയിൽ വിശ്വാസമർപ്പിച്ച് നീങ്ങുമ്പോഴും രാഷ്ട്രീയപ്പോരിനിറങ്ങിയ യു.ഡി.എഫ് എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. വിലക്കയറ്റവും വിവാദവും കത്തിച്ചു നിർത്തി. അക്കമിട്ട അഴിമതിയാരോപണങ്ങളെ മുന്നിൽ വെച്ച് വെല്ലുവിളിച്ചപ്പോൾ കണ്ണ് വച്ചത് സർക്കാർ വിരുദ്ധവോട്ടുകളിൽ. സമുദായങ്ങളെ കൂടെ നിർത്താൻ സൂക്ഷിച്ചുള്ള സംസാരവും കൂടിക്കാഴ്ചകളും. ക്രിസ്ത്യൻ നായർ വോട്ടുകളുടെ ഭൂരിപക്ഷ വോട്ടുകളുമെത്തിക്കുന്നതിന് ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് കരുതുന്നത്. ബൂത്ത് തിരിച്ച കണക്ക് നോക്കി എണ്ണമെടുക്കാനാണ് തീരുമാനം.

182 ബൂത്തുകളെ ഇരുപത് മേഖലകളായി തിരിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള ശ്രമങ്ങളായിരുന്നു എൽ.ഡി.എഫ് നടത്തിയത്. പുതുപ്പള്ളിയുടെ പ്രാദേശിക വിസനമുയർത്തി സംവാദത്തിനുള്ള വെല്ലുവിളി. വികസനമെന്നത് അവസാനം വരെ നിലനിർത്തിയ എൽ.ഡി.എഫ് ഉമ്മൻ ചാണ്ടി വികാരത്തെ മറികടക്കാൻ ചികിത്സാ വിവാദത്തെ ഇടക്കിടക്ക് ചർച്ചയാക്കി.അവസാന നാളിലും ഇതേ ചൊല്ലി ഉയർന്ന വാദ പ്രതിവാദങ്ങളിൽ നിന്നത് വോട്ട് നോക്കിയായിരുന്നു.യു.ഡി.എഫിനൊപ്പം നിൽക്കുന്ന പരമ്പരാഗത സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് വിയിരുത്തൽ. അതുവഴി കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം കയ്യിലാകുമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്.



TAGS :

Next Story