Quantcast

'പാർട്ടി പരിപാടികളിൽ നിന്ന് മനപ്പൂർവം ഒഴിവാക്കുന്നു'; ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പി.വി ശ്രീനിജൻ എംഎൽഎ

'സാബു എം ജേക്കബിൻറെ സ്വാർത്ഥ താൽപ്പര്യമാണ് വിലക്കിന് പിന്നിൽ'

MediaOne Logo

Web Desk

  • Updated:

    2022-08-08 05:57:30.0

Published:

8 Aug 2022 4:41 AM GMT

പാർട്ടി പരിപാടികളിൽ നിന്ന് മനപ്പൂർവം ഒഴിവാക്കുന്നു;  ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പി.വി ശ്രീനിജൻ എംഎൽഎ
X

കൊച്ചി: ട്വന്റി20 ഭരിക്കുന്ന പ‍ഞ്ചായത്തുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന ആരോപണവുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ. കിഴക്കമ്പലത്ത് നടക്കുന്നത് പച്ചയായ നിയമലംഘനമാണെന്നും ശ്രീനിജന്‍ കുറ്റപ്പെടുത്തി. കിഴക്കമ്പലത്ത് സിപിഎം നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് പി.വി ശ്രീനിജന്‍ എംഎല്‍എ ട്വന്റി20 നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് തന്നെ മനപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് ശ്രീനിജന്‍ തുറന്നടിച്ചു. എംഎൽഎ എന്ന നിലയിൽ ക്ഷണിക്കപ്പെട്ട് എത്തുന്ന യോ​ഗങ്ങളിൽ നിന്നും ട്വന്റി20 ജനപ്രതിനിധികൾ വിട്ടുനിൽക്കുയാണ്. സാബു എം ജേക്കബിന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യമാണ് വിലക്കിന് പിന്നിലെന്നും ശ്രീനിജന്‍ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻറെ സാന്നിധ്യത്തിലാണ് എംഎൽഎയുടെ പ്രതികരണം. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച സി എൻ മോഹനൻ ശ്രീനിജന്‍റെ ആരോപണങ്ങളില്‍ മൗനം പാലിച്ചു. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ട്വന്‍റി-ട്വന്‍റിക്കെതിരായി ശ്രീനിജന്‍ നടത്തിയ വിമര്‍ശനം സിപിഎം നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.

എന്നാല്‍ പി.വി ശ്രീനിജൻ ശത്രുവാണെന്നാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്‍റെ മറുപടി. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളുടെ പരിപാടികൾക്ക് എംഎൽഎയെ വിളിക്കേണ്ട കാര്യമില്ല. ശത്രുവിന്റെ പരിപാടിയിൽ ഇരിക്കാനും ഞങ്ങളില്ല. ട്വന്റി ട്വന്റിയുടെ പരിപാടികൾ ഇല്ലാതാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും സാബു എം ജേക്കബ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story