കാസർകോട്ട് അനധികൃത നിർമാണം ആരോപിച്ച് മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്
സ്ഥലത്തിൻ്റെ അതിർത്തി സംബന്ധിച്ച രേഖ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ രേഖകൾ ഇല്ല എന്നാണ് പിഡബ്ല്യുഡി നൽകിയ മറുപടി. ഇല്ലാത്ത രേഖകൾ വെച്ചാണ് പിഡബ്ല്യുഡി ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു
കാസർകോട്: കാസർകോട് പെരുമ്പളയിൽ അനധികൃത നിർമാണം ആരോപിച്ച് മസ്ജിദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി വകുപ്പിൻ്റെ നോട്ടീസ്. പെരുമ്പള ജുമാമസ്ജിദ് കമ്മിറ്റിയുടെ കടമുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം പൊളിച്ച് മാറ്റാനാണ് നോട്ടീസ് നൽകിയത്.
പെരുമ്പള പാലത്തിന് സമീപം 2022 ലാണ് ജുമാ മസ്ജിദ് കമ്മറ്റിയുടെ കടമുറി ഉൾകൊള്ളുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായത്. കെട്ടിടം കെട്ടിട നിർമ്മാണത്തിൻ്റെ തുടക്കത്തിൽ അന്നത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ പരാതിയെ തുടർന്ന് വിഷയം കോടതിയിൽ എത്തിയിരുന്നു. മുഴുവൻ രേഖകളും പരിശോധിച്ച കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്ന് വർഷത്തിന് ശേഷം പെരുമ്പള റോഡിന് വേണ്ടി പിഡബ്ല്യുഡി ഏറ്റെടുത്ത ഭൂമിയിലാണ് ഈ കെട്ടിടം എന്നാരോപിച്ച് പരാതിക്കാർ രംഗത്ത് എത്തുന്നത്. ഇതിന് പിന്നാലെയാണ് പിഡബ്ല്യുഡി വകുപ്പ് റോഡിനായി ഏറ്റെടുത്ത ഭൂമിയിലാണ് കെട്ടിടം എന്നാരോപിച്ച് നടപടി സ്വീകരിക്കാൻ രംഗത്തെത്തിയത്.
എന്നാൽ സ്വകാര്യ വ്യക്തിയുടെ 22 സെന്റ് ഭൂമിയിൽ നിന്ന് ഒമ്പത് സെന്റ് ഭൂമി പിഡബ്ല്യുഡി റോഡ് നിർമാണത്തിനായി ഏറ്റെടുത്തിരുന്നു. ഇതിൽ ബാക്കി വന്ന 13 സെന്റ് ഭൂമിയിൽ 4.45 സെന്റ് ഭൂമി പള്ളിക്ക് നൽകിയിരുന്നു. ഇതിൻ്റെ രേഖകൾ പള്ളികമ്മിറ്റിയുടെ കൈവശമുണ്ട്. ഈ ഭൂമിയിലാണ് പിഡബ്ല്യുഡി വകുപ്പ് അവകാശ വാദം ഉന്നയിക്കുന്നത്. സ്ഥലത്തിൻ്റെ അതിർത്തി സംബന്ധിച്ച രേഖ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ രേഖകൾ ഇല്ല എന്നാണ് പിഡബ്ല്യുഡി നൽകിയ മറുപടി. ഇല്ലാത്ത രേഖകൾ വെച്ചാണ് പിഡബ്ല്യുഡി ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടം പൊളിച്ച് മാറ്റും എന്ന് അറിയിച്ച് നോട്ടീസ് പതിച്ചെങ്കിലും കെട്ടിടം പൊളിച്ച് മാറ്റാനായി എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. സിപിഐ കുത്തകയായിരുന്ന ഈ വാർഡിൽ പരാജയപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നും നാട്ടുകാർ ആരോപിക്കുന്നു.
Adjust Story Font
16

