Quantcast

റാഫിയ ഷെറിനായി നാടൊഴുകിയെത്തി; അരീക്കോട്ടെ സ്റ്റെം സെൽ ക്യാമ്പ് കൂടുതൽ സൗകര്യങ്ങളോടെ നാളെ പുനരാരംഭിക്കും

നേരത്തെ മഞ്ചേരിയിലും തിരൂരിലും സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്താനായി സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 Oct 2026 3:59 PM IST

റാഫിയ ഷെറിനായി നാടൊഴുകിയെത്തി; അരീക്കോട്ടെ സ്റ്റെം സെൽ ക്യാമ്പ് കൂടുതൽ സൗകര്യങ്ങളോടെ നാളെ പുനരാരംഭിക്കും
X

മലപ്പുറം: സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആമയൂർ സ്വദേശിനി റാഫിയ ഷെറിന് അനുയോജ്യമായ സ്റ്റെം സെൽ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച മെഗാ സ്വാബ് കളക്ഷൻ ക്യാമ്പ് താൽക്കാലികമായി നിർത്തിവച്ചു. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ നടന്ന ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതോടെയാണ് നടപടി. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നാളെ (വെള്ളിയാഴ്ച) ക്യാമ്പ് വീണ്ടും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

വൈകുന്നേരം ആറുമണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പിലാണ് അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ടത്. തുടർന്ന് ക്രമീകരണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം ആറ് വരെ വിപുലമായ സംവിധാനങ്ങളോടെ ക്യാമ്പ് തുടരും. നേരത്തെ മഞ്ചേരിയിലും തിരൂരിലും സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്താനായി സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

പ്രതീക്ഷയായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ്

ശരീരത്തിലെ അസ്ഥിമജ്ജയ്ക്ക് ആവശ്യത്തിന് രക്തകോശങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അപൂർവ രോഗാവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. രോഗം ബാധിക്കുന്നതോടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തകരുകയും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. അടിയന്തരമായി സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ നടത്തുക മാത്രമാണ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സ. ഏകദേശം 10 ലക്ഷം ആളുകളിൽ നിന്നാകും ഒരാൾക്ക് അനുയോജ്യമായ സ്റ്റെം സെൽ മാച്ച് ലഭിക്കാൻ സാധ്യതയുള്ളത് എന്നതിനാലാണ് കൂടുതൽ ആളുകളെ ഉൾപ്പെടുത്തി വിപുലമായ ക്യാമ്പുകൾ നടത്തുന്നത്.

സുല്ലമുസ്സലാം സയൻസ് കോളജിലെ പൂർവ വിദ്യാർഥി കൂടിയാണ് ചികിത്സയിൽ കഴിയുന്ന റാഫിയ ഷെറിൻ. പഠനകാലത്ത് 'ഗ്രീൻ പാലിയേറ്റീവ്' എന്ന എൻജിഒയ്ക്ക് രൂപം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കേരളത്തെ വീൽചെയർ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയും റാഫിയ ശ്രദ്ധേയയായിരുന്നു.

TAGS :

Next Story