അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല
തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു .അതിജീവിതികൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നിരാഹാരമിരിക്കുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രാഹുലിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്. ജയിലിൽ നിരാഹാരസമരത്തിലും കൂടിയാണ് രാഹുൽ ഈശ്വർ.
Watch Video Report
Adjust Story Font
16

