Quantcast

'വിശ്വനാഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം': മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വയനാട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-02-16 12:50:46.0

Published:

16 Feb 2023 12:31 PM GMT

Viswanathan death kozhikode, rahul gandhi writes letter to cm
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി എം.പി. കേസിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കാട്ടി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.

കത്തിന്റെ പൂർണരൂപം:

'വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥൻ തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നത്. ഫെബ്രുവരി 9 നാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നുതന്നെ കാണാതായ വിശ്വനാഥനെ പിന്നീട് ഫെബ്രുവരി 10ന് മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തൂങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മോഷണക്കുറ്റം ചുമത്തിയതിന്റെ അവഹേളനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വാദം.

വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്തതാണ് എന്ന പോലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു. സംസ്ഥാന എസ്സി/എസ്ടി കമ്മീഷനും പോലീസ് വകുപ്പിന്റെ റിപ്പോർട്ട് തള്ളിയതായി മാധ്യമ വാർത്തകൾ കണ്ടു.

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർത്ഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നൽകണം.' രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

വിശ്വനാഥന്റെ മരണം

അതേസമയം, വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വയനാട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. വിശ്വനാഥന്റെ അമ്മ, ഭാര്യ, സഹോദരന്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

രണ്ട് മണിക്കൂറിലധികം സമയം അന്വേഷണ സംഘം വിശ്വനാഥന്റെ വീട്ടിൽ ചെലവഴിച്ചു. മാനന്തവാടി മെഡിക്കൽ കോളജിൽ വെച്ചാണ് വിശ്വനാഥന്റെ ഭാര്യയുടെ മൊഴിയെടുത്തത്. മൃതദേഹം റീമപോസ്റ്റ് മോട്ടം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തിന് മുന്നിലും കുടുംബം ആവർത്തിച്ചു..

TAGS :

Next Story