Quantcast

ചോദ്യങ്ങൾക്ക് ‌ഉത്തരം ചിരി മാത്രം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുൽ

നിർണായക വിവരങ്ങൾ പലതും രാഹുലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിജീവിതയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ രാഹുൽ ഒളിപ്പിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2026-01-14 03:32:24.0

Published:

14 Jan 2026 7:34 AM IST

Rahul Mamkootathil refuses to cooperate with questioning in Rape Case
X

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി. അറസ്റ്റിന് ശേഷം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും രാഹുൽ മറുപടി നൽകിയിരുന്നില്ല. ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലും രാഹുൽ ഒന്നും മിണ്ടിയില്ല. വെറും ചിരി മാത്രമായിരുന്നു മറുപടി.

നിർണായക വിവരങ്ങൾ പലതും രാഹുലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിജീവിതയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ രാഹുൽ ഒളിപ്പിച്ചിരിക്കുകയാണ്. ഇതെവിടെയാണെന്നും അറിയണം. എന്നാൽ രാഹുൽ ഒന്നും മിണ്ടാതിരിക്കുകയും നിസഹകരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മറുപടി നൽകാതെ കസ്റ്റഡി കാലാവധി തീർക്കാനാണ് രാഹുലിന്റെ നീക്കമെങ്കിലും നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ സംഘം കൂടുതൽ ദിവസം ആവശ്യപ്പെട്ടേക്കും. നിസഹകരണം തുടർന്നാൽ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്ന സാഹചര്യത്തിലാണിത്. കേസിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, കേസിൽ രാഹുലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്.

ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ 408ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും രാഹുൽ പ്രതികരിച്ചില്ല.

തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്ഐടി സംഘം എആർ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരുന്നത്. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. പുലർച്ചെ 5.45ഓടെ രാഹുലുമായി പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ട എസ്ഐടി സംഘം 6.30ഓടെ തിരുവല്ലയിലെ ഹോട്ടലിലെത്തുകയും ഏഴ് മണിക്ക് മുമ്പ് മടങ്ങുകയും ചെയ്തു.

പാലക്കാട്ടേക്ക് കൂടി തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന ആവശ്യം എസ്ഐടി ഉന്നയിച്ചിരുന്നു. എന്നാൽ‌, മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘത്തിന് കോടതി അനുവദിച്ചത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് രാഹുലിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറഞ്ഞിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നാണ് കോടതി ഉത്തരവ്. ജാമ്യ ഹരജി 16ന് പരിഗണിക്കും. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. വലിയ പ്രതിഷേധമാണ് ഇന്നലെ കോടതി പരിസരത്തും തിരുവല്ലയിലെ ആശുപത്രി പരിസരത്തുമുണ്ടായത്.

ഈ മാസം 11നാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെ പുതിയ കേസിൽ മുൻകൂർ ജാമ്യത്തിന് പോകാൻ അവസരം നൽകാതെയാണ് പൊലീസ് പൂട്ടിയത്. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പുതിയ ബലാത്സം​ഗക്കേസിൽ കസ്റ്റഡിയിലെടുത്തത്. അർധരാത്രി 12.30ഓടെയായിരുന്നു മൂന്ന് വാഹനങ്ങളിലായി എട്ട് പൊലീസുകാർ ഹോട്ടലിലെത്തിയത്. റൂം നമ്പർ 2002ലാണ് രാഹുൽ ഉള്ളതെന്ന് അറിഞ്ഞതോടെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, നേരെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. തുടർന്ന് പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

TAGS :

Next Story