'വ്യാജ വാര്‍ത്ത നല്‍കിയതിന് കർമ്മ ന്യൂസ് എംഡിക്കെതിരെ രണ്ടുവര്‍ഷം മുന്‍പ് പരാതി കൊടുത്തു; കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി'; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന
കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ കർമ്മ ന്യൂസ് അധികാരികളെ കൺമുന്നിൽ കിട്ടിയ സ്ഥിതിക്ക് ഇത്രയും പറഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പ്

മലപ്പുറം:'കർമ്മ ന്യൂസ്' ഓൺലൈൻ ചാനലിന്റെ എം.ഡി വിന്‍സ് മാത്യുവിനെതിരെ രണ്ടുവര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന.
ഒരു സ്ത്രീ എന്ന നിലയിൽ തന്‍റെ വ്യക്തിത്വത്തെയും കുടുംബത്തെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ വ്യാജവാർത്ത കൊടുത്തതിന് ഇതേ കർമ്മ ന്യൂസിനെതിരെ കേരള പൊലീസിൽ പരാതി കൊടുത്തിരുന്നു. എന്നാല്‍ വേങ്ങര പൊലീസ് സ്റ്റേഷനിൽ നിന്ന് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും റൈഹാന പറയുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുക്കുകയും സൈബർ സെല്ലിലേക്ക് ഫോർവേഡ് ചെയ്യുകയുമുണ്ടായി.
എന്നാൽ ഒരു വർഷത്തോളം പിന്നിട്ട്, പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പൊലീസിന് നേരിട്ട് ഏറ്റെടുക്കാൻ കഴിയാത്ത ഗൗരവതരമല്ലാത്ത കുറ്റകൃത്യം ആയതിനാൽ കോടതി വഴി പരിഹാരം തേടാൻ നിർദേശിച്ചുകൊണ്ടുള്ള അറിയിപ്പാണ് തപാലിൽ പൊലീസിൽ നിന്ന് കിട്ടിയതെന്നും റൈഹാന പറയുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ കർമ്മ ന്യൂസ് അധികാരികളെ കൺമുന്നിൽ കിട്ടിയ സ്ഥിതിക്കാണ് ഇക്കാര്യം പറഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
റൈഹാന സിദ്ധിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
കർമ്മ ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ എം.ഡിയെ പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്ത കണ്ടു. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും വ്യാജവാർത്തകൾ ചമച്ചതിനാണ് അറസ്റ്റ് എന്നാണ് കണ്ടത്.
ഒരു സ്ത്രീ എന്ന നിലയിൽ എന്റെ വ്യക്തിത്വത്തെയും എന്റെ കുടുംബത്തെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ വ്യാജവാർത്ത കൊടുത്തതിന് ഇതേ കർമ്മ ന്യൂസിനെതിരെ ഞാൻ കേരള പൊലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ എന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ വേങ്ങര പൊലീസ് സ്റ്റേഷനിൽ നിന്ന് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുക്കുകയും സൈബർ സെല്ലിലേക്ക് ഫോർവേഡ് ചെയ്യുകയുമുണ്ടായി.
സൈബർ സെൽ എന്റെ പരാതിയിൽ 153 IPC പ്രകാരം ക്രൈം നമ്പർ 210/2024 എന്ന FIR വേങ്ങര പൊലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്യുകയുണ്ടായി. വിഷയത്തിൽ സക്രിയമായ പൊലീസ് ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതികൾ തെളിവുകൾ സഹിതം സൈബർ സെല്ലിൽ സമർപ്പിച്ചത്.
എന്നാൽ ഒരു വർഷത്തോളം പിന്നിട്ട്, പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പൊലീസിന് നേരിട്ട് ഏറ്റെടുക്കാൻ കഴിയാത്ത non cognizable offense ആയതിനാൽ എന്നോട് കോടതി വഴി പരിഹാരം തേടാൻ നിർദേശിച്ചുകൊണ്ടുള്ള അറിയിപ്പാണ് തപാലിൽ പൊലീസിൽ നിന്ന് കിട്ടിയത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ കർമ്മ ന്യൂസ് അധികാരികളെ കൺമുന്നിൽ കിട്ടിയ സ്ഥിതിക്ക് ഇത്രയും പറഞ്ഞു എന്ന് മാത്രം.
Adjust Story Font
16

