'കേരളത്തിലെ ഉയരപ്പാതകൾ ഇനി മുതൽ തൂണുകളിൽ നിർമിക്കും'; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി രാജീവ് ചന്ദ്രശേഖർ
ചെലവ് കൂടുതലാണെങ്കിലും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു

- Published:
6 Jan 2026 4:59 PM IST

ന്യൂഡൽഹി: കേരളത്തിൽ ദേശീയപാതയിലെ ഉയരപ്പാതകള്‍ ഇനി മുതല്‍ തൂണുകളില്‍ നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലവിലുള്ള ആര്‍ഇ വാള്‍ മോഡലിന് പകരമായാണ് തൂണുകളില്‍ പാലം നിര്‍മിക്കുന്നത്. ഇതിന് ചെലവ് കൂടുതലാണെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന് ഈ വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ അംഗീകാരം നല്‍കും. ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ ഭൂഘടന വിഷയം പരിഗണിച്ച് ഭിത്തി കെട്ടി മണ്ണ് നിറച്ചുള്ള ഉയരം കൂടിയ പാതകള്‍ നിര്‍മിക്കുന്നതിന് പകരം പില്ലറുകളില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് ഉയരപ്പാതകള്‍ നിര്‍മിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ ലോക്‌സഭയെ അറിയിച്ചിരുന്നു. കേരളത്തിന്റെ കാലാവസ്ഥക്കും ഭൂഘടനക്കും അനുയോജ്യമായ നിലയിലല്ല റോഡിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അതിന്റെ അനന്തര ഫലമാണ് സമീപകാലത്ത് നടന്ന അപകടങ്ങളെന്നും ചൂണ്ടിക്കാട്ടി എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോഴാണ് മന്ത്രി നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ദേശീയപാത 66ല്‍ നിരവധിയിടങ്ങളില്‍ റിടൈനിങ് നടത്തി ഭിത്തി ഇടിഞ്ഞുതാഴ്ന്നതും നിര്‍മാണത്തിലെ അപകടങ്ങളും നിരന്തരം ചര്‍ച്ചാ വിഷയമായതിന് പിന്നാലെയാണ് കേന്ദമന്ത്രിയുടെ ഇടപെടല്‍.
Adjust Story Font
16
