ശബരിമല സ്വർണക്കൊള്ള: അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണക്കൊള്ളയിൽ ബിജെപി ആദ്യം മുതൽ പറയുന്ന കാര്യം തന്നെയാണ് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കി. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. ഇതിന് പിന്നിലുള്ളത് വൻ ഗൂഢാലോചനയാണ്. ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഹൈക്കോടതി പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ചാടിയിറങ്ങി ആർഎസ്എസിനെതിരെ പ്രതികരിച്ചത്. ദേവസ്വം മന്ത്രിയോ ദേവസ്വം ബോർഡിനെ പറ്റിയോ ഒന്നും പറയാൻ മുഖ്യമന്ത്രിക്ക് സമയമില്ല. നുണ പറഞ്ഞ് ജനങ്ങളെ വിഭജിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 10 വർഷം എന്ത് ചെയ്തു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സിപിഐഎം രാഷ്ട്രീയം തുടങ്ങുന്നത് വർഗ്ഗ സംഘർഷത്തിലൂടെയാണെന്നും മുഖ്യമന്ത്രി വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതതെന്നും ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.
ജനങ്ങളെ നുണ പറഞ്ഞ് വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല. പിഎം ശ്രീയെ കെ സി വേണുഗോപാൽ കോമഡി പറയുകയാണോ എന്നും ബിജെപി തുറന്ന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുറന്ന ചർച്ചക്ക് മുഖ്യമന്ത്രി വിളിച്ചാൽ സംവാദത്തിന് തയ്യാറാണ്. 70 ശതമാനം സ്കൂളുകൾ സുരക്ഷിതമല്ലെന്ന് മന്ത്രി തന്നെ പറയുന്നു. കോളജുകളിൽ 30% സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
Adjust Story Font
16

