Quantcast

രാജ്യസഭാ സീറ്റ് വിഭജനം; ഇടതുമുന്നണി യോഗം ഇന്ന്

സർക്കാരിന്റെ മദ്യനയത്തിനും മുന്നണി യോഗം അംഗീകാരം നൽകിയേക്കും

MediaOne Logo

Web Desk

  • Updated:

    2022-03-15 01:01:17.0

Published:

15 March 2022 12:58 AM GMT

രാജ്യസഭാ സീറ്റ് വിഭജനം; ഇടതുമുന്നണി യോഗം ഇന്ന്
X

രാജ്യസഭാ സീറ്റ് വിഭജനത്തിനായി ഇടതുമുന്നണി യോഗം ഇന്ന് ചേരും. ജയം ഉറപ്പുള്ള രണ്ടിൽ ഒരു സീറ്റിൽ സി.പി.എം മത്സരിക്കും. രണ്ടാമത്തെ സീറ്റും എറ്റെടുക്കാൻ സി.പി.എം ശ്രമിക്കുന്നുണ്ട്. ശേഷിക്കുന്ന സീറ്റിൽ എൽ.ജെ.ഡിയും സി.പി.ഐയും അവകാശവാദം ഉന്നയിക്കുന്നുണ്ട്.

സി.പി.എമ്മിൻ്റെ കെ. സോമപ്രസാദിനും എൽ.ജെ.ഡിയുടെ എം.വി ശ്രേയാംസ്കുമാറിനുമാണ് ഇടതുമുന്നണി പകരക്കാരെ തേടുന്നത്. ഒരു സീറ്റിൽ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പാണ്. രാജ്യസഭയിൽ പാർട്ടിയുടെ അംഗബലം കുറയുന്നതിനാൽ രണ്ടു സീറ്റിലും മത്സരിക്കണമെന്ന നിലപാടിലാണ് പാർട്ടി. രണ്ടു സീറ്റും ഏറ്റെടുത്ത് ഒന്നിൽ മുതിർന്ന നേതാവിനെയും മറ്റേതിൽ യുവനേതാവിനെയും രാജ്യസഭയിലേക്കയക്കാനാണ് ആലോചന.

പ്രവർത്തന കേന്ദ്രം ഡൽഹിയായതിനാൽ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ എ.എ റഹീമിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു, സംസ്ഥാന സമിതി അംഗം ചിന്താ ജെറോം എന്നിവർക്കും സാധ്യതയുണ്ട്. മുതിർന്ന നേതാക്കളെ പരിഗണിച്ചാൽ എ.വിജയരാഘവൻ, ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, സി.എസ്.സുജാത എന്നിവരിലൊരാൾക്ക് വഴി തുറക്കും. ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നു.

സിറ്റിംഗ് സീറ്റിൽ ശക്തമായ അവകാശവാദമുണ്ടെങ്കിലും ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് സീറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. ഒരു സീറ്റ് മതിയെന്ന തീരുമാനത്തിൽ സി.പി.എം എത്തിയാൽ രണ്ടാമത്തെ സീറ്റ് സി.പി.ഐക്കു ലഭിക്കും.

അതേസമയം, ഐ.ടി മേഖലയിൽ ബാറുകൾക്കു പുറമേ പബുകൾക്കും അനുമതി നൽകുന്ന മദ്യനയത്തിനും മുന്നണി യോഗം അംഗീകാരം നൽകും. അടുത്ത മന്ത്രിസഭാ യോഗത്തിൻ്റെ അനുമതിക്കു ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ബസ് ചാർജ് വർധനയും മുന്നണി ചർച്ച ചെയ്യും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്നു ചേരുന്നുണ്ട്‌.

TAGS :

Next Story