'ബിജെപി അജണ്ടയ്ക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താൻ പിണറായിയുടെ ശ്രമം': രമേശ് ചെന്നിത്തല
യുഡിഎഫ് പൂർണമായും മതേതരത്വം മുന്നോട്ട് വെക്കുന്ന പാർട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു

കൊച്ചി: ബിജെപി അജണ്ടക്ക് അനുസരിച്ച് കേരളത്തെ രൂപപ്പെടുത്താൻ പിണറായിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല. വർഗീയ വിഭജനം മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ നീക്കം തികച്ചും ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
2026ലെ തെരഞ്ഞെടുപ്പ് തന്ത്രം ജനങ്ങൾക്ക് വ്യക്തമായി. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയത തരം പോലെ ഉപയോഗിക്കുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിഐഎ കൂട്ടുപിടിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലത് ആഗോള അയ്യപ്പ സംഗമമായി. അടുത്തത് വർഗീയത വച്ചാണെന്നും ചെന്നിത്തല പറഞ്ഞു.
ഇത് സംസ്ഥാന താൽപര്യത്തിന് ഗുണകരമാകില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം ഇവിടെ മുഖ്യമന്ത്രി നടത്താൻ ശ്രമിക്കുന്നു. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി തന്ത്രം ഇവിടെ പകർത്തുന്നു. മോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ മത്സരമാണ്. ബിജെപിയും സിപിഎമ്മും ഒക്ക ചങ്ങാതിമാരാണ്. തൃശൂർ ബിജെപി പിടിച്ചത് സിപിഎം സഹായത്തിലാണ്. നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് നടപ്പാക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തത് ബിജെപി പറയും. ബിജെപിക്ക് പറയാനാകാത്തത് മുഖ്യമന്ത്രി പറയും എന്ന അവസ്ഥ. മാറാട് കലാപം കേരളത്തിനേറ്റ മുറിവാണ്. ഈ മുറിവിൽ മുളക് പുരട്ടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ഒരു വർഗീയതയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
40 വർഷം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയ പാർട്ടിയാണ് ഇപ്പോൾ തങ്ങളെ അധിക്ഷേപിക്കുന്നത്. എ.കെ ബാലനോട് മുഖ്യമന്ത്രിക്ക് യോജിപ്പാണ്. പാർട്ടി സെക്രട്ടറി വിയോജിപ്പ് അറിയിച്ചിട്ടും മുഖ്യമന്ത്രിക്ക് യോജിപ്പ്. യുഡിഎഫ് പൂർണമായും മതേതരത്വം മുന്നോട്ട് വെക്കുന്ന പാർട്ടിയാണ്. കോൺഗ്രസിനെ തോൽപ്പിക്കാൻ എല്ലാകാലത്തും ബിജെപി സഹായം സിപിഎം വാങ്ങിയിട്ടുണ്ട്. ആര് വർഗീയത നടത്തിയാലും യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
വി.ഡി സതീശൻ സഭാ നേതൃത്വത്തെ കണ്ടതിൽ യാതൊരു തെറ്റുമില്ല. തനിക്ക് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നു. പോയത് പാർട്ടിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16

