രാഷ്ട്രീയക്കാരായത് കൊണ്ട് രാഷ്ട്രീയവും സംസാരിച്ചിട്ടുണ്ടാവുമല്ലോ..; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ടതിന് ശേഷം പ്രതികരണവുമായി രമേശ് ചെന്നിത്തല
യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കായി നിരവധി പേരുകൾ കേൾക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കാണാൻ എത്തിയത് എന്ന പ്രത്യേകതയുമുണ്ട്

കോട്ടയം: ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല. കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എൻഎസ്എസ് ആസ്ഥാനത്തും രമേശ് ചെന്നിത്തല സന്ദർശനം നടത്തി.
രാവിലെ എട്ടരയോടെയാണ് ദേവലോകത്ത് എത്തിയത്. കൂടിക്കാഴ്ച 15 മിനുട്ട് നേരം നീണ്ടു നിന്നു. ' ദേവലോകവുമായി എല്ലാ കാലത്തും അടുത്തബന്ധമാണ്. ദേവലോകം വളരെ പ്രിയപ്പെട്ട ഇടമാണ്. രാഷ്ട്രീക്കാരായത് കൊണ്ട് രാഷ്ട്രീയവും സംസാരിച്ചിട്ടുണ്ടാവുമല്ലോ'- എന്ന് അദ്ദേഹം സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.
പുതുയുഗയാത്രയുടെ ഭാഗമായി വി.ഡി സതീശനും കോട്ടയത്തുണ്ട്. ഈ സമയത്ത് തന്നെ സമുദായ നേതാക്കളെ കാണാൻ രമേശ് ചെന്നിത്തലയും എത്തിയിരിക്കുന്നത്. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കായി നിരവധി പേരുകൾ കേൾക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കാണാൻ എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
Adjust Story Font
16

