Quantcast

റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി രാജിവെച്ചു

ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ പാലിച്ചാണ് നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

MediaOne Logo

Web Desk

  • Published:

    7 Oct 2022 12:17 PM GMT

റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി രാജിവെച്ചു
X

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി രാജിവെച്ചു. കേരള കോൺഗ്രസ് അംഗമായ ശോഭ ബിജെപി പിന്തുണയോടെയാണ് പ്രസിഡന്റായത്. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ പാലിച്ചാണ് നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

2020 ഡിസംബർ 20നാണ് ബിജെപി-സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് നേതാവായ ശോഭ ചാർളി റാന്നി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ എൽഡിഎഫിന് പഞ്ചായത്തിൽ ഭരണം നേടാനും സാധിച്ചു. ആകെ പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ നാല് സിപിഎം അംഗങ്ങൾ ഉൾപ്പടെ ആകെ അഞ്ച് എൽഡിഎഫ് അംഗങ്ങളും അഞ്ച് യുഡിഎഫ് അംഗങ്ങളും രണ്ടു ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനാണ് ഉണ്ടായിരുന്നത്.

സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങൾക്ക് തടയിട്ടുകൊണ്ടാണ് അന്ന് ബിജെപി പിന്തുണയോട് കൂടി കേരള കോൺഗ്രസ് അംഗമായ ശോഭാ ചാർളിയെ പ്രസിഡന്റാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തുടർന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രന്റെ രാജി ഉണ്ടായിരിക്കുന്നത്.

നേരത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയിൽ ശോഭക്കെതിരെ കേസെടുത്തിരുന്നു. അതോടൊപ്പം ബിജെപി പിന്തുണയോടെ സിപിഎം പഞ്ചായത്തിൽ ഭരണം നടത്തുന്നതിനെതിരെ സിപിഐ ഉൾപ്പടെയുള്ള എൽഡിഎഫ് കക്ഷികൾ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മുന്നണിയിൽ നിന്ന് തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രാദേശിക പഞ്ചായത്ത് കമ്മിറ്റി എൽഡിഎഫിൽ നിന്ന് ശോഭാ ചാർലിയെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ റാന്നിയിൽ ബിജെപി സിപിഎം ധാരണയെന്ന ആരോപണം ശക്തമായി.

കഴിഞ്ഞ ദിവസങ്ങളിൽ റാന്നിയിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് ബിജെപി കേരള കോൺഗ്രസിന് നൽകിയ പിന്തുണ പിൻവലിച്ചു. തുടർന്ന് പത്താം തീയതി കേരള കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശോഭാ ചാർളി രാജിവെച്ചത്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ രാജിവെച്ചതെന്നാണ് ശോഭാ ചാർളിയുടെ പ്രതികരണം.

TAGS :

Next Story