Quantcast

കെ.റെയിൽ സാമൂഹികാഘാത പഠനത്തിന്റെ പുനർവിജ്ഞാപനം ഉടൻ; കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തിയേക്കും

ജിയോ ടാഗിങ്ങ് മുഖേന സാമൂഹികാഘാത പഠനം നടത്താനുള്ള നടപടികൾ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    27 July 2022 12:47 AM GMT

കെ.റെയിൽ സാമൂഹികാഘാത പഠനത്തിന്റെ പുനർവിജ്ഞാപനം ഉടൻ; കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തിയേക്കും
X

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങൾ റവന്യു വകുപ്പ് ശേഖരിച്ചു. കല്ലിടൽ നടന്നയിടങ്ങളിലാണ് കാര്യമായ രീതിയിൽ പഠനത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം നടന്നതെന്നാണ് ഏജൻസികൾ സർക്കാരിന് കൈമാറിയ വിവരം. സാമൂഹികാഘാത പഠനത്തിന്റെ പുനർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങിയേക്കും.

സർവേ കല്ലുകൾ സ്ഥാപിക്കാനും നിലനിർത്താനും കഴിഞ്ഞയിടങ്ങളിലാണ് പ്രധാനമായും സാമൂഹികാഘാത പഠനം നടന്നതെന്നാണ് സർവേ ഏജൻസികൾ പ്രാഥമികമായി നൽകിയ വിവരം. അത്തരം സ്ഥലങ്ങളിലും പൂർത്തിയായത് വിവരശേഖരണം മാത്രമാണ്.

ജിയോ ടാഗിങ്ങ് മുഖേന സാമൂഹിക ആഘാത പഠനം നടത്താനുള്ള നടപടികൾ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തൽ. ആശയകുഴപ്പം മൂലം പലയിടത്തും ജനങ്ങളുടെ നിസഹകരണവും സർവേ ഏജൻസികൾ നേരിട്ടു. വിവരശേഖരണം പൂർത്തിയാവാത്തതിനാൽ ഒരിടത്ത് പോലും പബ്ലിക്ക് ഹിയറിങ്ങിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല.

ആറ് മാസം കൂടി വേണം റിപ്പോർട്ട് തയ്യാറാക്കാനെന്നാണ് ഏജൻസികളുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയതോടെ റവന്യു വകുപ്പിന്റെ നീക്കങ്ങൾക്ക് വേഗത കൈവരും.

സാമൂഹികാഘാത പഠനത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കുമ്പോൾ കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടില്ല. മൂന്ന് മാസം സമയം അനുവദിച്ച് കൊണ്ടാവും പുതുക്കിയ വിജ്ഞാപനം വരിക. ആവശ്യമെങ്കിൽ മൂന്ന് മാസം കൂടി നീട്ടാനും കഴിയും.

TAGS :

Next Story