പാലക്കാട്ട് സിപിഎമ്മിന് വിമത ഭീഷണി; മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ സ്ഥാനാർഥികളാവും
കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർക്കും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു

പാലക്കാട്: പാലക്കാട് ജില്ലയിൽ സിപിഎമ്മിന് വിമത ഭീഷണി. വടക്കഞ്ചേരി , കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് സിപിഎം വിമതരുടെ വെല്ലുവിളി നേരിടുന്നത്.
സിപിഎം മുൻ ഏരിയ സെക്രട്ടറിയും, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. ബാലൻ വിമതനായി മത്സരിക്കും. വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന പി. ഗംഗാധരനും സ്ഥാനാർഥിയാവും. കിഴക്കഞ്ചേരിയിലും, വടക്കഞ്ചേരിയിലുമായി മൂന്ന് വാർഡുകളിലാണ് വിമതർ മത്സരിക്കുന്നത്. ഇവർക്ക് യുഡിഎഫ് പിന്തുണ നൽകും.
കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർക്കും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിമത നേതാവ് എം. സതിഷ് നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയും യുഡിഎഫും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. മത്സരം ഇന്ത്യ മുന്നണിയുടെ മാതൃകയിലാണെന്ന് നേതാക്കൾ പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് മതേതരത്വം നേരിടുന്ന വലിയ വെല്ലുവിളിക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പെന്ന് വിമത നേതാവ് എം. സതിഷ് പറഞ്ഞു. തങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ യുഡിഎഫിൻ്റെ ഭാഗമായി ഇന്ത്യമുന്നണി സഖ്യത്തിൽ മത്സരത്തിനിറങ്ങും. കള്ള പ്രചരണങ്ങൾ നടത്തി യാഥാർത്ഥ കമ്യൂണിസ്റ്റുകൾ തങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നുണ്ട്. തങ്ങളുടെ നേതാക്കൾക്കെതിരെ ഹീനമായ പ്രചരണമാണ് നടക്കുന്നത്. യാഥാർത്ഥ കമ്യൂണിസ്റ്റുകളായി കമ്യൂണിസ്റ്റുപാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം അംഗീകരിച്ചിച്ചുള്ള രാഷ്ട്രീയ പ്രമേയത്തിലൂന്നി ഇന്ത്യ മുന്നണി സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് തങ്ങളെന്നും സതീഷ് പറഞ്ഞു.
19 വാർഡുകളുള്ള കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ യൂഡിഎഫ് 12 സീറ്റിലും, സിപിഎം വിമതർ ഏഴ് സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. എന്നാൽ തങ്ങൾക്ക് സ്വാധീനമുള്ള ഒന്നാം വാർഡ് വിട്ട് കൊടുക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗിന് വിയോജിപ്പുണ്ട്. അങ്ങനെയാണെങ്കിൽചിറ്റൂർ നഗരസഭയൊഴികെയുള്ള ചിറ്റൂർ താലൂക്കിലെ വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ്. പ്രതിസന്ധി ചർച്ച ചെയ്യാനായി യുഡിഎഫ് നേതൃത്വം ഇന്ന് യോഗം വിളിച്ചു. സിപിഎമ്മിൻ്റെ ശക്തികേന്ദ്രമായിരുന്നു കൊഴിഞ്ഞാമ്പാറ. അവിടെയുണ്ടായിരുന്ന വിഭാഗിയതകാരണമാണ് സിപിഎം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ രൂപീകരിച്ചത്.
Adjust Story Font
16

