നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശിപാർശ

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒക്ടോബർ 31ന്, ഹോട്ടലിൽ സമയം ലംഘിച്ച് മദ്യം നൽകിയതായി കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-11-25 13:22:11.0

Published:

25 Nov 2021 1:16 PM GMT

നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശിപാർശ
X

കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശിപാർശ. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറാണ് ശിപാർശ ചെയ്തത്. ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ മദ്യം നൽകിയെന്നാണ് എക്സൈസ് കണ്ടെത്തല്‍. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

സമയം ലംഘിച്ച് മദ്യം നല്‍കിയതിന് 23ാം തീയതിയും ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചുവെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്നതും എക്സൈസ് പരിശോധിക്കുന്നുണ്ട്.

മോഡലുകളുടെ മരണത്തില്‍ നിര്‍ണായ തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനുളള ശ്രമം ഇതുവരെ വിജയം കണ്ടില്ല. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായത്തോടെ നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. ഹാര്‍ഡ് ഡിസ്ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ തുടരന്വേഷണ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.

അതേസമയം, മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. സൈജുവിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടത്തിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. സൈജു നേരത്തെ നൽകിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്മാൻ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വീണ്ടും പരിശോധിക്കും. ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച സൈജു പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരായിരുന്നില്ല. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനും സൈജു ശ്രമിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിലും ചോദ്യം ചെയ്യലിന് എത്തിയില്ല.

TAGS :

Next Story