യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ
ഭർത്താവിൽ നിന്നും റീനയ്ക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം

കൊല്ലം: അഞ്ചലിൽ സർക്കാർ ജീവനക്കാരിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ. അഞ്ചൽ സ്വദേശിനി റീനാ ബീവി കഴിഞ്ഞ ദിവസം ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയത്. ഭർത്താവിൽ നിന്നുള്ള പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇടമുളക്കൽ പെരുമണ്ണൂരിലെ വെറ്റിനറി സബ്സ് സെന്ററിലെ ഫീൽഡ് അസിസ്റ്റൻറ് ആയിരുന്നു മരിച്ച റീന ബീവി. റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് റീന ആത്മഹത്യ ചെയ്തത്. ഇവർക്ക് ആറുമാസം മുമ്പ് സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ഭർത്താവിൽ നിന്നും റീനയ്ക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നതായി റീന പരാതി പറഞ്ഞിരുന്നതായി സഹോദരൻ.
സംഭവത്തിൽ ദുരൂഹത ചൂണ്ടി കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Adjust Story Font
16

