ദേശീയപാത വികസനം കെ-റെയിൽ പദ്ധതിയെ ബാധിക്കുമെന്ന് റിപ്പോർട്ട്
കെ-റെയിൽ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം പൂർത്തിയായാൽ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനാണ് സർക്കാർ ആലോചന

ദേശീയപാത വികസിപ്പിക്കുന്നതും റെയിൽ പാത ഇരട്ടിപ്പിക്കുന്നതും സിൽവർ ലൈൻ പദ്ധതിയെ ബാധിക്കുമെന്ന് ട്രാഫിക് സ്റ്റഡി റിപ്പോർട്ട്. ദേശീയ പാത വികസിപ്പിച്ചാൽ സിൽവർ ലൈൻ യാത്രയ്ക്ക് ആളുകൾ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. പാത ഇരട്ടിപ്പിച്ചാൽ നിലവിലെ തേർഡ് എ സി യാത്രക്കാർ സിൽവർ ലൈനിലേക്ക് വരില്ലെന്നും റോഡിൽ ടോൾ ഏർപ്പെടുത്തിയാലും റെയിൽവെ നിരക്ക് കൂട്ടിയാലും സിൽവർ ലൈൻ പദ്ധതിയെ അത് കാര്യമായി ബാധിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.
അതേസമയം കെ-റെയിൽ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം പൂർത്തിയായാൽ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനാണ് സർക്കാർ ആലോചന. റിപ്പോർട്ട് കിട്ടിയാലുടൻ വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോർട്ട് പഠന വിധേയമാക്കും. 60,000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്കായി എഡിബിയടക്കമുള്ള വിദേശ ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്താനുള്ള ചർച്ചകളും നടക്കുകയാണ്. മൂന്നു മാസത്തിനകം സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. പദ്ധതിക്കായി എത്ര പേരെ കുടിയൊഴിപ്പിക്കണം, എത്ര വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റണം, സാമൂഹിക ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ- ഇതെല്ലാം റിപ്പോർട്ടിൽ വേണമെന്നും കർശന നിർദേശമുണ്ട്.
Adjust Story Font
16

