പരിഷ്കരിച്ച ശാസ്ത്രമേള മാനുവൽ ഈ വർഷമില്ല; മാറ്റം അടുത്ത തവണ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്
സ്കൂൾതല മത്സരം പൂർത്തിയാക്കിയ ശേഷമുള്ള മാറ്റം മീഡിയവൺ വാർത്തയാക്കിയിരുന്നു

തിരുവനന്തപുരം: പരിഷ്കരിച്ച ശാസ്ത്രമേള മാനുവൽ ഈ വർഷം നടപ്പിലാക്കില്ല. ഇനങ്ങൾ ഒഴിവാക്കുന്നതും ഉൾപ്പെടുത്തുന്നതും അടുത്തവർഷം മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. അക്കാദമിക വർഷത്തിന്‍റെ പകുതിയിൽ കൊണ്ടുവന്ന പരിഷ്കരണം കുട്ടികളുടെ അവസരം നഷ്ടമാക്കുന്നതായുള്ള മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം മാറ്റിയത്.
ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിദ്യാഭ്യാസ വകുപ്പ് മാനുവൽ പരിഷ്കരിച്ചത് പുതിയ മാനുവൽ പ്രകാരം എല്‍പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ 10 മത്സര ഇനങ്ങൾ ഒഴിവാക്കുകയും 11 പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. പനയോല കൊണ്ടുള്ള വസ്തുക്കൾ, വോളിബോൾ ബാഡ്മിന്‍റണ്‍ നെറ്റുകൾ, ചോക്ക് എന്നിവയുടെ നിർമാണം എൽപി - യുപി മേഖലയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഒറിഗാമി, പോട്ടറി പെയിന്‍റിംഗ്, പോസ്റ്റർ ഡിസൈനിങ് എന്നിവ ഉൾപ്പെടുത്തി. ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരീസ്, ചോക്ക് നിർമാണം എന്നിങ്ങനെ ഏഴിനങ്ങൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗത്തിൽ നിന്ന് നീക്കം ചെയ്തു. പകരം പുതിയ എട്ടിനങ്ങൾ ഉൾപ്പെടുത്തി.
ഉത്തരവിറങ്ങിയതോടെ ഒഴിവാക്കിയ ഇനങ്ങളിലെ സ്കൂൾതല മത്സരങ്ങൾ വിജയിച്ച കുട്ടികൾക്ക് ഉപജില്ലാതലം മുതലുള്ള അവസരം നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. പുതിയതായി ഉൾപ്പെടുത്തിയ ഇനങ്ങൾ സ്കൂൾതലത്തിൽ നടത്താത്തതിനാൽ അടുത്തഘട്ടത്തിൽ മത്സരിക്കാൻ ആളെയും കിട്ടാനില്ല. കുട്ടികളുടെ ബുദ്ധിമുട്ട് മീഡിയ വൺ വാർത്തയാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി കെഎസ് ടി എയും കെപി എസ്‍ടിഎയും അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഒടുവിൽ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ടു. പരിഷ്കരിച്ച മാനുവൽ ഈ വർഷം നടപ്പിലാക്കേണ്ടതില്ല എന്നാണ് തീരുമാനം. മാറ്റം അടുത്തവർഷം മുതൽ മതിയെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത് പ്രകാരം ഈ വർഷം കൂടി നിലവിലെ മാനുവൽ പ്രകാരം ആയിരിക്കും മത്സരങ്ങൾ നടക്കുക.
Adjust Story Font
16

