പാലക്കാട്ട് ഒയാസിസിന്‍റെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത് പുഴവെള്ളം; എതിര്‍പ്പുമായി കോൺഗ്രസ്
സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്താണ് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയത്

Photo| MediaOne
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ കമ്പനിയായ ഒയാസിസിന്‍റെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത് പുഴവെള്ളം. സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്താണ് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയത്. എലപ്പുള്ളി പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിന് വെള്ളം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒയാസിസ് കമ്പനി പുതുശ്ശേരി പഞ്ചായത്തിനെ സമീപിച്ചത്.
കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ച് വരുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്ക് നൽകരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് സിപിഎം ഭരണ സമിതി ഒയാസിസിൻ്റെ കെട്ടിട നിർമ്മാണത്തിന് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ അനുമതി നൽകുകയായിരുന്നു. കോരയാർ പുഴയിൽ നിന്നും ടാങ്കറിൽ വെള്ളം എത്തിച്ച് കെട്ടിടം നിർമിക്കാനാണ് പദ്ധതി.
വേനൽക്കാലങ്ങളിൽ പുഴവെള്ളം ശുദ്ധീകരിച്ചാണ് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്നത്. കോരയാർ പുഴയിലെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ആദ്യമായാണ് കാർഷികേതര ആവശ്യങ്ങൾക്കായി കോരയാർ പുഴയിലെ വെള്ളം ഉപയോഗിക്കാൻ അനുമതി നൽകുന്നത്. മദ്യനിർമാണത്തിന് എവിടെ നിന്നാണ് വെള്ളമെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അതേസമയം ഭരണസമിതിയുടെ കാലാവധി കഴിയാൻ പോകുന്നതിനാലാണ് ഒയാസിസിസ് കമ്പനിക്ക് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ വേഗത്തിൽ അനുമതി നൽകിയതെന്ന് പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജീഷ് കെ. മീഡിയവണിനോട് പറഞ്ഞു. വ്യവസായ സൗഹൃദ പഞ്ചായത്തായതിനാലാണ് ഒയാസിസിൻ്റെ കെട്ടിട നിർമാണത്തിന് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ എൻഒസി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഒയാസിസിന് കെട്ടിട നിർമാണത്തിന് വെള്ളം നൽകാൻ തീരുമാനിച്ചതിൽ ബിജെപി പുതുശ്ശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ , ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

