കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവ്
ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019ലാണ് റിയാസ് പിടിയിലാകുന്നത്

റിയാസ് അബൂബക്കര്‍
കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം എൻ. ഐ.എ കോടതിയുടേതാണ് വിധി. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുക, തീവ്രവാദസംഘടനയുടെ ആശയം പ്രചരിപ്പിക്കുക,ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ നേരത്തെ കണ്ടെത്തിയിരുന്നു.
ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019ലാണ് റിയാസ് പിടിയിലാകുന്നത്. കേരളത്തിൽ നിന്ന് അഫ്ഗാനിൽ പോയി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എ യുടെ കണ്ടെത്തൽ.
അബ്ദുൽ റാഷിദിൻ്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻഐ എയ്ക്ക് ലഭിച്ചിരുന്നു. പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പുസാക്ഷികളായി. യുഎപിഎ സെക്ഷൻ 38,39 വകുപ്പുകൾ പ്രകാരമാണ് കേസ്.
Adjust Story Font
16

