Quantcast

'സത്യഭാമ ഇയാളെന്ന് പറയുന്ന രാമകൃഷ്ണൻ മോഹിനിയാട്ടത്തിൽ പി.എച്ച്.ഡിയും നെറ്റുമുള്ളയാൾ, വെറുപ്പിന് കാരണം ജാതി വെറി'; വിമർശനവുമായി എഴുത്തുകാരി

സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കൾക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാട് നിർത്തണമെന്നും വംശീയധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പു പറയണമെന്നും അനു പാപ്പച്ചൻ

MediaOne Logo

Web Desk

  • Updated:

    2024-03-21 04:20:37.0

Published:

21 March 2024 4:16 AM GMT

RLV Ramakrishnan praised by writer Anu Pappachan
X

കോഴിക്കോട്: കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ച, നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന്റെ യോഗ്യതകൾ പറഞ്ഞും വെറുപ്പിന്റെ കാരണം തുറന്നുകാട്ടിയും എഴുത്തുകാരിയുടെ പോസ്റ്റ്. സത്യഭാമ ഇയാള് ഇയാളെന്ന് പറയുന്ന രാമകൃഷ്ണൻ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണെന്നും മോഹിനിയാട്ടത്തിൽ പി.എച്ച്.ഡിയും അസിസ്റ്റന്റ് പ്രൊഫസറിനുള്ള നെറ്റും നേടിയിട്ടുണ്ടെന്നും അനു പാപ്പച്ചൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

എം.ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ മോഹിനിയാട്ടം -ഒന്നാം റാങ്ക്, കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്‌സിൽ ടോപ് സ്‌കോററായി എംഫിൽ, ദൂരദർശൻ എ ഗ്രേഡഡ് ആർട്ടിസ്റ്റ്, 15 വർഷത്തെ അധ്യാപക പരിചയം, എന്നിങ്ങനെ നീണ്ടുപോകുന്നതാണ് രാമകൃഷ്ണന്റെ യോഗ്യതകളെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ യോഗ്യതകൾ സത്യഭാമക്ക് അറിയുകയും ചെയ്യുമെന്നും വർണ്ണവെറിയും ജാതി വെറിയുമാണ് കാഴ്ചയിൽ അവർക്കു തോന്നുന്ന അറപ്പും വെറുപ്പുമെന്നും അനു പാപ്പച്ചൻ വിമർശിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയല്ലെന്നും കലാഭവൻ മണിയെയും ഇതേ റേസിസ്റ്റ് മനോഭാവത്തോടെയാണ് സമീപിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി.

ജാതി പ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കൾക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാട് നിർത്തണമെന്നും വംശീയധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ നടപടി എടുക്കണമെന്നും പറഞ്ഞു. ഡോ. ആർ.എൽ.വി രാമകൃഷ്ണനൊപ്പം നിൽക്കുകയെന്നാൽ അദ്ദേഹത്തിന് വേദികൾ കൊടുക്കുക എന്നുകൂടിയാണെന്നും അനു കുറിപ്പിൽ ഓർമിപ്പിച്ചു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നാണ് നർത്തകി സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും ഒരു അഭിമുഖത്തിൽ സത്യഭാമ പറഞ്ഞു. കണാൻകൊള്ളില്ലെന്നും, പെറ്റ അമ്മ കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.'ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

TAGS :

Next Story