സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കാർ ഇടിച്ചുനീക്കി കെഎസ്ആർടിസി ബസ്; ദൃശ്യങ്ങൾ പുറത്ത്
അപകടകരമായ രീതിയിൽ ബസ് ഓടിച്ചു എന്ന് ആരോപിച്ച് കോട്ടയം സ്വദേശികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ട്രിപ്പ് മുടക്കി എന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറും ഇതേ സ്റ്റേഷനിൽ തന്നെ പരാതി നൽകിയിട്ടുണ്ട്

കോട്ടയം: നട്ടാശ്ശേരിയിൽ കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം. മുമ്പിൽ തടസമായ കാർ, കെഎസ്ആർടിസി ഡ്രൈവർ ബസ് ഉപയോഗിച്ച് ഇടിച്ചുനീക്കി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ നട്ടാശ്ശേരി എംസി റോഡിലാണ് സംഭവം.
ഏറ്റുമാനൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിന് പിറകിലായി അതേ ദിശയിൽ തന്നെയാണ് കാറും സഞ്ചരിച്ചിരുന്നത്. കാർ ഡ്രൈവർ സൈഡ് കിട്ടാനായി ഹോൺ അടിച്ചെങ്കിലും കെഎസ്ആർടിസി ബസ് മാറിക്കൊടുത്തില്ല. തുടർന്ന് കാർ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. ഉടനെ കെഎസ്ആർടിസി ബസ് സൈഡിനായി ഹോൺ അടിച്ചുകൊണ്ടിരുന്നു. എന്നാൽ കാർ ഡ്രൈവർ സൈഡ് കൊടുത്തില്ല. പിന്നെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്ത് കാറിന് മുമ്പിൽ കയറി.
നട്ടാശ്ശേരി എത്തിക്കഴിഞ്ഞപ്പോൾ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കാർ ഡ്രൈവർ മുമ്പിൽ കയറ്റിനിർത്തി. തുടർന്ന് കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികൾ പുറത്തിറങ്ങി കെഎസ്ആർടിസി ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും ഇരുകൂട്ടരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ശേഷം കെഎസ്ആർടിസി ഡ്രൈവർ ബസ് മുൻപോട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കാറിൽ ഇടിച്ചതും കാർ കുറച്ചുദൂരം മുൻപോട്ട് പോയതും. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടകരമായ രീതിയിൽ ബസ് ഓടിച്ചു എന്ന് ആരോപിച്ച് കോട്ടയം സ്വദേശികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ട്രിപ്പ് മുടക്കി എന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറും ഇതേ സ്റ്റേഷനിൽ തന്നെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതികളിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല.
പരാതി നൽകിയ ശേഷം കെഎസ്ആർടിസി ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. തന്നെ കാറിലുണ്ടായിരുന്നവർ മർദിച്ചു എന്നാണ് ഇദ്ദേഹത്തിൻ്റെ ആരോപണം. നിലവിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും കാറിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളെയും ഗാന്ധിനഗർ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷം കേസ് എടുക്കാൻ തന്നെയാണ് പൊലീസിൻ്റെ തീരുമാനം.
Adjust Story Font
16

