തൃപ്പൂണിത്തുറയിലെ ആർഎസ്എസ് മുതൽ കാസ വരെ; സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ ചൂടേറിയ ചർച്ച
''ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ കേന്ദ്രമായി തൃപ്പൂണിത്തുറ മാറി. അതിനെ ചെറുക്കാന്‍ സിപിഎമ്മിന് പദ്ധതിയില്ല''

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ ശക്തമായ വിമർശനങ്ങളാണ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ഉയർന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും കാര്യപ്രാപ്തിയില്ലാത്തവരുടെ നിയന്ത്രണത്തിലാണെന്ന് പ്രതിനിധികള്‍ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസംഗത്തില്‍ സഖാക്കളുടെ മോശം പ്രവൃത്തികള്‍ എടുത്തു പറയുകയും ചെയ്തു.
നവമാധ്യമങ്ങളുപയോഗിച്ച് ചിലർ പ്രതിച്ഛായ നിർമാണം നടത്തുകയാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഫോട്ടോഗ്രാഫർക്ക് മുന്നിലേക്ക് ഇടിച്ചുകയറുന്ന കോണ്‍ഗ്രസുാകരെ പോലെ ചില സഖാക്കളുമുണ്ട്. ആ രീതിയൊന്നും കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സഖാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു വിമർശനങ്ങള്‍ ഇങ്ങനെ...
എം.വി ഗോവിന്ദന്‍
ലിംഗസമത്വം ഗൗരവമുള്ള വിഷയമാണ്. ഞാന്‍ നിന്നെ പോറ്റുന്നവന്‍ എന്ന് സഖാക്കള്‍ ഭാര്യമാരോട് പറയരുത്. നമ്മള്‍, കുടുംബം ഒരുമിച്ച് മുന്നോട്ട് പോകുന്നു എന്നതാണ് ശരിയായ പ്രയോഗം. നിന്നെ സംരക്ഷിക്കുന്നത് ഞാനാണെന്ന് ഭർത്താവ് പറയരുത്. ലിംഗസമത്വ ചർച്ച ശക്തിപ്പെടുത്തണമെന്നും എം.വി ഗോവിന്ദന്‍.
പ്രതിനിധികളുടെ വിമർശനങ്ങള്‍
എസ്എഫ്ഐയും ഡിവൈഎഫ്ഐയും ദുര്‍ബലമായി. കാര്യപ്രാപ്തിയില്ലാത്തവരുടെ നിയന്ത്രണത്തിലാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉള്ളത്. പാർട്ടി ജില്ലാ നേതൃത്വം ഈ സംഘടനകളെ ശ്രദ്ധിക്കുന്നില്ല. കുസാറ്റില്‍ എസ്എഫ്ഐ ദുർബലപ്പെട്ടു.
എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരെ
എറണാകുളം നഗരത്തില്‍ പാർട്ടിയെ വളർത്തുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. നഗര പ്രദേശങ്ങളില്‍ ബിജെപി ശക്തി പ്രാപിക്കുന്നു. അതിനെ ചെറുക്കാന്‍ പാർട്ടിക്ക് പദ്ധതിയില്ലെന്നും പ്രതിനിധികള്‍.
ആര്‍എസ്എസിനെ നേരിടാന്‍ പദ്ധതിയില്ല
ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ കേന്ദ്രമായി തൃപ്പൂണിത്തുറ മാറി. അതിനെ ചെറുക്കാന്‍ സിപിഎമ്മിന് പദ്ധതിയില്ല. സിപിഎം ശക്തമായ സാംസ്കാരിക ഇടപെടല്‍ നടത്തിയിരുന്ന സ്ഥലമാണ് തൃപ്പൂണിത്തുറ. ആര്‍എസ്എസ്, എസ്എന്‍ഡിപി, കാസ എസ്ഡിപിഐ എന്നിവർ മത്സരിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്നു. ആര്‍എസ്എസ് പിന്തുണയുള്ള ജാതി സംഘടകളെ പാർട്ടി പ്രതിരോധിക്കണം.
നഗരത്തില്‍ പാർട്ടിയില്ല
76 ശതമാനം നഗരവത്കരിക്കപ്പെട്ട എറണാകുളം ജില്ലയില്‍ പാർട്ടി ഇല്ലാതാകുന്നുവെന്ന് വിമർശനം. നഗരങ്ങളില്‍ പാർട്ടി നിലനില്‍ക്കുന്നത് ചുമട്ടുതൊഴിലാളികളുടെ ബലത്തില്‍. തൊഴിലാളികള്‍ വീട്ടിലേക്ക് തിരിച്ചു പോയാല്‍ വൈകുന്നേരങ്ങളില്‍ പാർട്ടിയേ ഇല്ലാത്ത സ്ഥിതിയാണെന്നും കാക്കനാടും കളമശ്ശേരിയും ഇതിന് തെളിവാണെന്നും വിമര്‍ശനം.
മുനമ്പം
മുനമ്പം വിഷയത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ചെറുക്കാനായില്ലെന്നാണ് ഉയര്‍ന്ന മറ്റൊരു വിമർശനം. കാസ - സംഘ്പരിവാർ പ്രചാരണങ്ങളെ മറികടക്കാനായില്ല. ജില്ലാ നേതൃത്വം ഫലപ്രദമായി പ്രതികരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
കാസക്കെതിരെ
കാസ സമൂഹത്തില്‍ സ്പർധയുണ്ടാക്കുന്നുവെന്ന് പ്രതിനിധികള്‍ എടുത്തുപറഞ്ഞു. ക്രൈസ്തവരെയും മുസ്‌ലിംകളെയും കാസ ഭിന്നിപ്പിക്കുന്നു. മുസ്‌ലിം വിരുദ്ധതയുടെ പങ്ക് പറ്റുകയാണ് കാസയെന്നും വിമര്‍ശനം.
കോടതി വിധിയോട് പ്രതികരിച്ചില്ല
പൊതുനിരത്തില്‍ യോഗം തടഞ്ഞ കോടതി വിധിയോട് പാർട്ടി പ്രതികരണം ദുർബലമായി. ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമായിരുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16

